കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സഹായി ടെന്നി ജോപ്പനു കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആണ് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. ജോപ്പന്റെ സ്വദേശമായ പുത്തൂരിനു പുറത്ത് പോകരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കുവാന്‍ ആവശ്യപ്പെട്ട കോടതി ജോപ്പന്റെ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. സരിത എസ് നായരും, ബിജു രാധാകൃഷ്ണനും ജോപ്പനും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജോപ്പന്‍ ഉള്‍പ്പെടെ ഏതാനും പേരെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നും ഒഴിവ്ാക്കി ഏറെ വൈകാതെ സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്‍ അറസ്റ്റിലാകുകയും ചെയ്തു. കേസിലെ മറ്റു പ്രതികളായ സരിത എസ്.നായര്‍, നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ജാമ്യം ലഭിക്കാത്തതിന്റെ തുടര്‍ന്ന് ജയിലിലാണ്.