അതികായന്‍ അരങ്ങൊഴിഞ്ഞു

November 9th, 2014

mv-raghavan-epathram

കണ്ണൂര്‍: സി. എം. പി. കേരള രാഷ്ടീയത്തിലെ അതികായന്‍ എം. വി. രാഘവന്‍ അരങ്ങൊഴിഞ്ഞു. അദ്ദേഹം യാഥാർത്ഥ്യമാക്കിയ പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നു രാവിലെ 9.10 നു ആയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു വൈകീട്ട് നാലു മണി വരെ പരിയാരം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് പറശ്ശിനിക്കടവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും പൊതു ദര്‍ശനത്തിനു വെക്കും. പിന്നീട് ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ സി. എം. പി. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലും ടൌണ്‍ സ്ക്വയറിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

1933 മെയ് 5നു കണ്ണൂരില്‍ മേലത്ത് വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടേയും തമ്പായിയുടേയും മകനായിട്ടാണ് എം. വി. രാഘവന്‍ എന്ന എം. വി. ആറിന്റെ ജനനം. പി. കൃഷ്ണ പിള്ളയുടേയും, എ. കെ. ജി. യുടേയും സ്വാധീനം മൂലം പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തന്റേടവും പ്രവര്‍ത്തന മികവും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് വളര്‍ത്തി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എമ്മിനൊപ്പം നിന്നു. ഡി. വൈ. എഫ്. ഐ. യുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. മലബാറില്‍ യുവാക്കളേയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. തനിക്കൊപ്പം പുതിയ ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എം. വി. ആര്‍. പ്രത്യേകം ശ്രദ്ധിച്ചു. പലരും നക്സലിസത്തിലേക്ക് വഴി മാറിയപ്പോള്‍ അവരെ തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടു വരുവാന്‍ പാര്‍ട്ടി നിയോഗിച്ചത് എം. വി. ആറിനെ ആയിരുന്നു. ഇന്ന് സി. പി. എമ്മിന്റെ നേതൃനിരയില്‍ ഉള്ള പലരും രാഘവന്‍ കൈപിടിച്ചുയര്‍ത്തിയവരാണ്.

1964-ല്‍ ചൈനീസ് ചാരന്മാര്‍ എന്ന് ആരോപിച്ച് ജയിലില്‍ അടച്ചവരുടെ കൂട്ടത്തില്‍ എം. വി. രാഘവനും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തോളം ജയില്‍ വാസം അനുഭവിക്കേണ്ടിയും വന്നു. നിരവധി തവണ ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. 1967-ല്‍ സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1970-ല്‍ മാടായി മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമ സഭയില്‍ എത്തി. 1980ലും 82 ലും കൂത്തുപറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ ബദല്‍ രേഖ അവതരിപ്പിച്ചതോടെ പാര്‍ട്ടിക്ക് അനഭിമതനായി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് നിരന്തരമായ രാഷ്ടീയ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ അവയെ കരുത്തോടെ നേരിട്ടു.

1986 ജൂലൈ 27 നു കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി. എം. പി.) രൂപീകരിച്ചു. അന്നു മുതല്‍ മരണം വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. സി. പി. എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ പുതിയ ഒരു പാര്‍ട്ടി രൂപീകരിച്ച് വിജയം കൈവരിച്ചത് പിന്നീട് ഗൌരിയമ്മക്കും ടി. പി. ചന്ദ്രശേഖരനും കരുത്തു പകര്‍ന്നു. സി. എം. പി. യും, ഗൌരിയമ്മയുടെ പാര്‍ട്ടിയും പിന്നീട് യു. ഡി. എഫിന്റെ ഘടക കക്ഷിയായി.

1987-ലെ തിരഞ്ഞെടുപ്പ് എം. വി. രാഘവന്റെ രാഷ്ടീയ ജീവിതത്തിലെ അവിസ്മരണീയമായ ഒന്നായിരുന്നു. സി. പി. എമ്മിന്റെ കോട്ടയില്‍ തന്റെ രാഷ്ട്രീയ ശിഷ്യന്‍ ഇ. പി. ജയരാജനുമായിട്ടായിരുന്നു ഏറ്റുമുട്ടിയത്. വിജയം എം. വി. രാഘവനായിരുന്നു. തുടര്‍ന്ന് 1991-ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച് സഹകരണ മന്ത്രിയുമായി. 1996-ല്‍ ആറന്മുളയില്‍ കവി കടമനിട്ടയോടും 2006-ല്‍ പുനലൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നെന്മാറയിലും പരാജയപ്പെട്ടു.

സഹകരണ മന്ത്രിയായിരിക്കെ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പിന്തുണയോടെ പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനു തുടക്കമിട്ടു. പാപ്പിനിശ്ശേരിയില്‍ വിഷ ചികിത്സാ കേന്ദ്രവും സ്ഥാപിച്ചു. സി. പി. എമ്മില്‍ നിന്നും ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സ കേന്ദ്രം തകര്‍ത്തും വീടിനു തീ വെച്ചും എതിരാളികള്‍ രാഘവനോടുള്ള രാഷ്ടീയ പക തീര്‍ത്തു. സഹകരണ മന്ത്രിയായിരുന്ന രാഘവനെ തെരുവില്‍ തടയുന്നത് പതിവായി. ഇതൊടുവില്‍ 1994 നവമ്പര്‍ 25 നു കൂത്തുപറമ്പില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരുടെ മരണത്തിനും ഇടയാക്കി.

എം. വി. ആറിന്റെ ജീവിതം കേരളത്തിലെ വിശിഷ്യ മലബാറിലെ സി. പി. എമ്മിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. ഒരു ജന്മം എന്ന തന്റെ ആത്മകഥയില്‍ അതിജീവിച്ച പ്രതിസന്ധികളേയും ഒപ്പം കേരള രാഷ്ടീയത്തിലെ നിരവധി വിഷയങ്ങളേയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വേട്ടയാടലുകളെ കരുത്തു കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച ജ്വലിക്കുന്ന ഓര്‍മ്മയായി എം. വി. ആര്‍. നിലനില്‍ക്കും. ഓര്‍മ്മകള്‍ നഷ്ടമായ അവസാന കാലത്ത് സി. എം. പി. യില്‍ ഉണ്ടായ പിളര്‍പ്പ് ഒരു പക്ഷെ അദ്ദേഹം അറിഞ്ഞിട്ടുണ്ടാകാനിടയില്ല. ഒരു വിഭാഗം യു. ഡി. എഫിനൊപ്പവും മറു വിഭാഗം എല്‍. ഡി. എഫിനൊപ്പവും ചേര്‍ന്നു. പാപ്പിനിശ്ശേരിയിലെ വിഷ ചികിത്സാ കേന്ദ്രവുമായി ബന്ധപ്പെട്ട് മക്കള്‍ ഇരു ചേരിയില്‍ നിലയുറപ്പിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

സി. വി. ജാനകിയാണ് ഭാര്യ. മക്കള്‍ എം. വി. ഗിരിജ, എം. വി. ഗിരീഷ് കുമാര്‍, എം. വി. രാജേഷ്, എം. വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടി. വി.). മരുമക്കള്‍ റിട്ട. പ്രൊഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി, പ്രിയ, റാണി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആര്‍. എസ്. എസ്. നേതാവ് മനോജിന്റെ കൊലപാതകം; കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു

September 2nd, 2014

crime-epathram

കണ്ണൂര്‍: കണ്ണൂരിനെ കൊലക്കളമാക്കിക്കൊണ്ട് വീണ്ടും കൊലപാതക പരമ്പര. ഒരാഴ്ചക്കിടെ രണ്ടാമത്തെ കൊലപാതകമാണ് ഇന്നലെ നടന്നത്. ഇന്നലെ ഉച്ചയോടെയാണ് ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ മനോജിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. ഡായമണ്ട് മുക്കിലെ വീട്ടില്‍ നിന്നും ഓം‌നി വാനില്‍ പുറപ്പെട്ട മനോജിന്റെ വാഹനത്തിനു നേരെ അക്രമികള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ അക്രമി സംഘം മനോജിനെ വെട്ടി കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ബി. ജെ. പി. പ്രവര്‍ത്തകന്‍ കൊളപ്രത്ത് പ്രമോദിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍. എസ്. എസ്. ജില്ലാ നേതാവായ മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആര്‍. എസ്. എസ്. നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. പലയിടങ്ങളിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ബോംബേറും കല്ലേറും ഉണ്ടായി.

കണ്ണൂരിനെ കൊലക്കളമാക്കുവാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ എ. ഡി. ജി. പി. എസ്. അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അണികള്‍ സി. പി. എം. വിട്ട് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകുന്നതിന്റെ വിഭ്രാന്തിയാണ് സി. പി. എമ്മിനെന്നും സി. പി. എമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് മനോജിന്റെ കൊലപാതകമെന്നും ആര്‍. എസ്. എസ്. നേതൃത്വം ആരോപിച്ചു. സമീപ കാലത്ത് ബി. ജെ. പി. വിട്ട് സി. പി. എമ്മില്‍ ചേര്‍ന്ന ഒ. കെ. വാസു അടക്കം ഉള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മനോജിന്റെ മൃതദേഹം ആര്‍. എസ്. എസ്., ബി. ജെ. പി. നേതാക്കന്മാര്‍ ഏറ്റുവാങ്ങി. വിലാപ യാത്രയായി കൊണ്ടു വന്ന് മനോജിന്റെ വീട്ടിലും ആര്‍. എസ്. എസ്. കാര്യാലയത്തിലും പൊതു ദര്‍ശനത്തിനു വെച്ച ശേഷം സംസ്കരിക്കും. ഡയമണ്ട് മുക്കില്‍ പരേതനായ ചാത്തുക്കുട്ടിയുടേയും രാധയുടേയും മകനാണ് കൊല്ലപ്പെട്ട മനോജ്. സുധി, മഹേഷ് ,സുനില്‍, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്. നേരത്തെയും മനോജിനെ വക വരുത്തുവാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബേഡകത്ത് കരുത്ത് തെളിയിച്ച് സി.പി.എം വിമതര്‍

August 19th, 2014

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സി.പി.എം വിഭാഗീയത മറനീക്കിക്കൊണ്ട് ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യ വെല്ലുവിളിയുമായി വിമതരുടെ ശക്തിപ്രകടനം. പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മറ്റിയുടെ കീഴിലെ വിമതര്‍ നടത്തിയ ശക്തി പ്രകടനം നേതൃത്വത്തിനു തലവേദനയായി. ഔദ്യോഗിക പക്ഷവും വിമത പക്ഷവും പ്രത്യേകം പ്രത്യേകമായാണ് പി.കൃഷ്ണപിള്ള അനുസ്മരണയോഗം സംഘടിപ്പിച്ചത്. ഔദ്യോഗിക നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് മുന്നൂറില്‍ അധികം പേരെ അണിനിരത്തിക്കൊണ്ട് രാവിലെ 6.30നു അറുത്തൂട്ടിപാറ ജംഗ്ഷനില്‍ നിന്നും കുറ്റിക്കോല്‍ ടൌണിലേക്ക് വിമതര്‍ പ്രകടനം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗം ഉള്‍പ്പെടെ ഉള്ളവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് തലം മുതല്‍ ജില്ലാ നേതൃത്വം വരെ ഏറെ നാളായി ജില്ലയില്‍ നീറിപ്പുകയുന്ന വിഭാഗീയത ഇതോടെ പുറത്തുവന്നു.

ജില്ലാ കമ്മറ്റി അംഗം പി.ദിവാകരന്‍, ബേഡകം ഏരിയാ കമ്മറ്റി അംഗം രാജേഷ് ബാബു, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലന്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ പഞ്ചായത്ത് അംഗം സജു അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സി.പി.എം ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച കൃഷ്ണപിള്ള അനുംസരണ സമ്മേളനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി.രാഘവന്‍ പതാക ഉയര്‍ത്തി. ഏരിയാ സെക്രട്ടറി സി.ബാലന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ പങ്കെടുത്തു. ഒഞ്ചിയത്തിനു ശേഷം മലബാര്‍ മേഘലയില്‍ സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബേഡകത്തേത്. ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വധത്തോടെ വിമതര്‍ ദുര്‍ബലരായി മാറി. മറ്റു പലയിടങ്ങളീലേയും വിമത നീക്കങ്ങളെ ചന്ദ്രശേഖരന്‍ വധം മന്ദീഭവിപ്പിക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പിയുടെ മകന്‍ അഭിനന്ദിന്റെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന് പിണറായി വിജയന്‍

March 3rd, 2014

തിരുവനന്തപുരം/ചെന്നൈ: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ് തനിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചെന്നൈയില്‍ കേരള സമാജം പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുമ്പോളായിരുന്നു പിണറായിയുടെ പ്രതികരണം.

“മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകാനിടയില്ല. ഞാന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണ്. ഒരു കമ്യൂണിസ്റ്റിനു വേണ്ട ഒരു ഗുണവും ഇല്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി” എന്നിങ്ങനെ രൂക്ഷമായ ആരോപണങ്ങളാണ് അഭിനന്ദ് ഒരു മലയാള പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പിണറായിക്കെതിരെ പറഞ്ഞിരുന്നത്. വി.എസിനെയും അഭിമുഖത്തില്‍ അഭിനന്ദ് വിമര്‍ശിക്കുന്നുണ്ട്. തന്നെ ബാധിക്കുമെന്ന് കരുതുന്ന കാര്യത്തില്‍ ഇടപെടാത്ത സ്വാര്‍ഥനെന്നാണ് വി.എസിനെ പറയുന്നത്. അഭിനന്ദിന്റെ പരാമര്‍ശം പരിശോധിച്ച് മറുപടി പറയാമെന്ന് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

January 28th, 2014

jail-prisoner-epathram

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പാനൂര്‍ എരിയാ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ. സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൌസര്‍ മനോജ് എന്നീ 3 സി. പി. എം. നേതാക്കള്‍ക്കും എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ 7 കൊലയാളി സംഘാംഗങ്ങള്‍ക്കും കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. ആയുധങ്ങള്‍ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും മുപ്പത്തിമൂന്നാം പ്രതിയായ ലംബു പ്രദീപനു മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതില്‍ സ്ഫോടക വസ്തു കൈവശം വെച്ച കേസില്‍ കൊടി സുനിക്ക് പത്തു വര്‍ഷം തടവും കിര്‍മാണി മനോജിന് അഞ്ചുവര്‍ഷം തടവും ജീവപര്യന്തത്തിനു പുറമെ ശിക്ഷ ലഭിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സി.പി.എം. നേതാക്കള്‍ക്കെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും, ഏഴംഗ കൊലയാളി സംഘത്തിന് എതിരെ നരഹത്യ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. മറ്റു രണ്ടു പ്രതികള്‍ക്കെതിരെ കൊലപാതക പ്രേരണയും തെളിവു നശിപ്പിക്കലുമാണ് ചാര്‍ത്തപ്പെട്ട കുറ്റങ്ങൾ.

രാവിലെ കോടതിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ കോടതിക്കും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. പതിനൊന്നു മണിയോടെ കോടതിയില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ശിക്ഷ വിധിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ടീയ പകയാണെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം. വിട്ട് ആർ.എം.പി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

6 of 1256710»|

« Previous Page« Previous « വി.എസിനെ തള്ളി നമോവിചാര്‍ മഞ്ചിനു സി.പി.എമ്മിന്റെ സ്വാഗതം
Next »Next Page » തിരൂരിലെ ആക്രമണം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു »



  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine