ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള കുറ്റക്കാരനെന്ന് സുപ്രീംകോടതി. ഒരു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും സുപ്രീംകോടതി വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. കേസില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വിട്ടയച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്. ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
വി.എസ്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ വൈദ്യുതി മന്ത്രിയെന്ന നിലയില്‍ ആര്‍. ബാലകൃഷ്ണപിള്ള സ്വീകരിച്ച നടപടികള്‍ ക്രമക്കേടിനു വഴി വെച്ചുവെന്ന് കുറ്റപ്പെടുത്തി. വൈദ്യുതി ബോര്‍ഡിനെ നോക്കുകുത്തി യാക്കി മന്ത്രിയെന്ന നിലയില്‍ പിള്ളയാണ് തീരുമാനങ്ങ ളെടുത്തിരുന്നത്. ടെന്‍ഡര്‍ തുക നിശ്ചയിക്കുന്നതില്‍ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. നേരത്തേ നല്‍കിയതിനേക്കാള്‍ ഏഴിരട്ടി തുകയാണ് പുതിയ കരാറുകാരന് പിള്ള ഇടപെട്ട് നല്‍കിയത്. മൂന്നു കൊല്ലത്തിനകം തുക ഏഴിരട്ടിയാവില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കൊല്ലം ജൂലായില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തര്‍ജമ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നും അന്തിമ വാദം നാലു മാസത്തേക്കു നീട്ടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു വിവാദമായതിനെ ത്തുടര്‍ന്ന് സര്‍ക്കാറിന്റെ അപേക്ഷ പിറ്റേന്നു തന്നെ പിന്‍വലിച്ചു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തന്നെ കേസു നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. കേസില്‍ സര്‍ക്കാറിനെ പ്രതിനിധാനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശായിരുന്നു. വിവാദമായതിനെ ത്തുടര്‍ന്ന് അദ്ദേഹത്തിനു പകരം പി. വി. ദിനേശിന് ചുമതല നല്‍കി.
ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ള, വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്ന ആര്‍. രാമഭദ്രന്‍ നായര്‍, മുഖ്യ കരാറുകാരന്‍ പി. കെ. സജീവന്‍ എന്നിവരെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെയാണ് വി. എസ്. സുപ്രീം കോടതിയെ സമീപിച്ചത്. സി. പി. എം. പൊളിറ്റ് ബ്യൂറോയില്‍ നിന്നു പുറത്താക്കിയതിനു ശേഷമുള്ള ആഴ്ചയാണ് അദ്ദേഹം കേസുമായി സുപ്രീം കോടതിയിലെത്തിയത്. വി. എസ്സിനു വേണ്ടി മാലിനി പൊതുവാള്‍, ദീപക് പ്രകാശ്, സംസ്ഥാന സര്‍ക്കാറിനു വേണ്ടി ആര്‍. എസ്. സോധി, സ്റ്റാന്‍ഡിങ് കോണ്‍സല്‍ പി. വി. ദിനേശ്, ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കു വേണ്ടി അമരീന്ദര്‍ സരീന്‍, ഇ. എം. എസ്. അനാം എന്നിവരാണ് ഹാജരായത്.