- എസ്. കുമാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. വിവിധയിടങ്ങളില്‍ കാലവര്‍ഷ ക്കെടുതിയില്‍ ഒരാള്‍ മരിച്ചതടക്കം കൃഷിക്കും വീടുകള്‍ക്കും കനത്ത നാശം തുടരുന്നു. തിരുവനന്തപുരം പൂന്തുറയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. ആലപ്പുഴയിലും, തൃശ്ശൂരിലും കടലാക്രമണ ഭീതി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും കടല്‍ഭിത്തിയെ മറികടന്ന് കടല്‍ വെള്ളം കരയിലേക്ക് കയറുന്നുണ്ട്.
നിര്‍ത്താതെ പെയ്യുന്ന മഴ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതു മൂലം നിരവധി വീടുകള്‍ വെള്ളത്തി നടിയിലായി. മരങ്ങള്‍ കട പുഴകി വീണ് സംസ്ഥാന ത്തുടനീളം അഞ്ഞൂറില്‍ അധികം വീടുകള്‍ക്ക് നാശം സംഭവിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണ കമ്പികള്‍ പൊട്ടി.
മലയോര മേഖലയില്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഏക്കറു കണക്കിനു കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കാഞ്ഞാര്‍ – പുള്ളിക്കാനം സംസ്ഥാന പാതയില്‍ ഈട്ടിക്കാനത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു. വൈകീട്ട് കാഞ്ഞാര്‍ – പുള്ളിക്കാനം പോട്ടങ്ങാത്തോടിനു സമീപം ഉരുള്‍പൊട്ടി വെള്ളവും മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് കുതിച്ചെത്തി. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറ് അല്പദൂരം വെള്ളത്തില്‍ ഒലിച്ചു പോയി. സമീപത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ക്കൊണ്ട് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് ഇനിയും മഴ കനക്കുവാന്‍ ഉള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
- എസ്. കുമാര്‍
വായിക്കുക: കാലാവസ്ഥ
തിരുവനന്തപുരം : കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ച വൈകിയാണെങ്കിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഭൂമിയിലെ ഏറ്റവും നാടകീയമായ ഒരു പ്രതിഭാസമാണ് കേരളത്തില്‍ എല്ലാ വര്‍ഷവും വന്നെത്തുന്ന തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ ലഭിക്കുന്ന മഴ വെള്ളത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സമ്മാനിക്കുന്ന ഈ കാലവര്‍ഷം, കാര്‍ഷിക രംഗത്തെ ജലത്തിന്റെ ആവശ്യത്തിന് അനിവാര്യവുമാണ്.
ഈ വര്ഷം 98 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത നാലര മാസം കൊണ്ട് ഈ പ്രതിഭാസം വടക്ക് പശ്ചിമ ഘട്ടം വരെ നീങ്ങുകയും പിന്നീട് കിഴക്കോട്ടേക്ക് നീങ്ങി വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ മഴയെത്തിക്കുകയും ചെയ്യും. അതിനു ശേഷം ക്രമേണ തെക്കോട്ട് തന്നെയെത്തി തെക്കേ ഇന്ത്യയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി മറയും. ഇതിനിടയില്‍ രാജ്യത്തെ ജല സംഭരണികളിലും, കൃഷിപ്പാടങ്ങളിലും ജലം നിറയ്ക്കുകയും, ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തുകയും ചെയ്യും.
എന്നാല്‍ ഇതോടൊപ്പം തന്നെ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്ത്ഥനയും കര്‍ഷകനുണ്ട്. കര്‍ഷകന് അനുഗ്രഹമാവുന്ന ഇതേ കാലവര്‍ഷം തന്നെ ചില വര്‍ഷങ്ങളില്‍ അനേകം പേരുടെ ജീവന്‍ അപഹരിക്കുകയും, ഗ്രാമങ്ങള്‍ ഒന്നാകെ തന്നെ നശിപ്പിക്കുകയും ചെയ്യാറുണ്ട്.
ബുധനാഴ്ച മുതല്‍ ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് അടിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
കാലവര്‍ഷം സാധാരണ നിലയില്‍ ലഭിച്ചാല്‍ ഈ വര്ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.5 ശതമാനം ആവുമെന്നാണ് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ കണക്ക് കൂട്ടല്‍. രാജ്യത്തെ യഥാര്‍ത്ഥ ധന മന്ത്രി താനല്ല, കാലവര്‍ഷം ആണെന്ന ധന മന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയുടെ അടിസ്ഥാനവും ഇത് തന്നെയാണ്.
ഫോട്ടോ കടപ്പാട് : ജിഷ സൂര്യ- ജെ.എസ്.
വായിക്കുക: കാലാവസ്ഥ, കൃഷി, സാമ്പത്തികം