ബെയ്ജിങ് : ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയും സമൂഹത്തിൽ നില നിൽക്കുന്ന അസമത്വവുമാണ് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലൂടെ വെളിപ്പെട്ടത് എന്ന് പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു. ചില തൽപ്പര കക്ഷികളുടേയും ന്യൂനപക്ഷമായ ഒരു വരേണ്യ വർഗ്ഗത്തിന്റെയും കൈകളിലാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ നിയന്ത്രണം. ഇതാണ് ഇത്തരം പ്രതിഷേധ പ്രകടനങ്ങളും അഴിമതി വിരുദ്ധ പ്രകടനങ്ങളുമായി സാധാരണ ജനത്തിന്റെ പ്രതികരണം ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാന കാരണം. സാമൂഹികമായ അനീതിക്കെതിരെ ഫലപ്രദമായി നിലകൊള്ളാൻ വ്യവസ്ഥിതിക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുവാനും അധികാര വർഗ്ഗം തയ്യാറാവുന്നു.
ഇന്ത്യയിലെ സംഭവ വികാസങ്ങൾ ചൈനക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്നു. അറുപത് വർഷം മുൻപ് ഇന്ത്യയിലും ചൈനയിലും സമാനമായ വികസന അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ സമ്പദ് വ്യവസ്ഥ സുതാര്യമാക്കിയതോടെ ചൈനയിൽ വൻ പുരോഗതി ഉണ്ടായി. ഇന്ന് ഇന്ത്യ ചൈനയേക്കാൾ വികസനത്തിന്റെ കാര്യത്തിൽ 10 വർഷത്തോളം പുറകിലാണ്. സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ 30 വർഷം പുറകിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി എന്നത് കാരണം പാശ്ചാത്യ സമൂഹം ഇന്ത്യയിൽ ഒട്ടേറെ പ്രത്യാശ വെച്ചു പുലർത്തുന്നു. എന്നാൽ സമൂഹത്തിലെ അസമത്വവും ജനാധിപത്യത്തിന്റെ കാര്യക്ഷമതയില്ലായ്മയും ഈ സാദ്ധ്യതയെ ദോഷകരമായി ബാധിക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ പരാജയവും സർക്കാരിന്റെ തണുപ്പൻ സമീപനവും ലോകമെങ്ങും വിമർശന വിധേയമാവുകയാണ് എന്നും പത്രം ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ക്രമസമാധാനം, ചൈന, മനുഷ്യാവകാശം