ലണ്ടൻ : വിഖ്യാത ഭൌതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ശാസ്ത്ര പുരസ്കാരമായ യൂറി മിൽനർ ഫണ്ടമെന്റൽ ഫിസിക്സ് പുരസ്കാരത്തിന് അർഹനായി. ഇദ്ദേഹത്തോടൊപ്പം, “ദൈവ കണം” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന, ഇന്നേ വരെ കേവലം സൈദ്ധാന്തിക തലത്തിൽ നിലനിന്നിരുന്ന ഹിഗ്ഗ്സ് ബോസൺ എന്ന അണുവിന്റെ ഘടകഭാഗത്തിന് സമാനമായ കണങ്ങളെ കണ്ടെത്തുവാൻ മനുഷ്യരാശിയെ സഹായിച്ച സേർൺ ഗവേഷണ കേന്ദ്രത്തിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ നിർമ്മാണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർക്കും ഈ പുരസ്കാരം ലഭിക്കും.
ഇന്റർനെറ്റ് നിക്ഷേപകനായ റഷ്യൻ ഭൌതിക ശാസ്ത്ര വിദ്യാർത്ഥി യൂറി മിൽനർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.1989ൽ ഭൌതിക ശാസ്ത്ര പഠനം ഉപേക്ഷിച്ച് ഫേസ്ബുക്ക്, ഗ്രൂപ്പോൺ മുതലായ ഇന്റർനെറ്റ് കമ്പനികളിൽ പണം നിക്ഷേപിക്കുകയും ഇതു വഴി കോടീശ്വരൻ ആകുകയും ചെയ്ത യൂറി മിൽനർ ഭൌതിക ശാസ്ത്രത്തിന്റെ ഉള്ളറകളിലേക്കും പ്രപഞ്ചത്തിന്റെ നിഗൂഡതകളിലേക്കും മനുഷ്യനെ കൊണ്ടു ചെന്നെത്തിക്കുന്ന ഗവേഷണ ഉദ്യമങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുരസ്കാരം നടപ്പിലാക്കിയത്.
കഴിഞ്ഞ വർഷം മുതൽ നൽകി തുടങ്ങിയ ഈ പുരസ്കാരം ആദ്യ വർഷം തന്നെ അലഹബാദിലെ ഹരീഷ് ചന്ദ്ര ഗവേഷണ കേന്ദ്രത്തിലെ ഭൌതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡോക്ടർ അശോൿ സെന്ന് ലഭിക്കുകയുണ്ടായി.
21ആം വയസിൽ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച സ്റ്റീഫൻ ഹോക്കിങ്ങ് കേവലം 2 വർഷം മാത്രമേ ഇനി ജീവിക്കൂ എന്നാണ് ഡോക്ടർമാർ അദ്ദേഹത്തോട് 1963ൽ പറഞ്ഞിരുന്നത്. ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ട അദ്ദേഹത്തെ ശാസ്ത്രത്തിലുള്ള അടങ്ങാത്ത കൌതുകവും, നിശ്ചയദാർഢ്യവും, ആത്മവിശ്വാസവുമാണ് മുന്നോട്ട് നയിച്ചത്. രണ്ടു തവണ വിവാഹം കഴിച്ച അദ്ദേഹത്തിന് മൂന്ന് കുട്ടികളുമുണ്ട്. മുഖത്തെ പേശികളുടെ ചെറിയ ചലനങ്ങളെ വാക്കുകളായി രൂപാന്തരപ്പെടുത്തി അവയ്ക്ക് ശബ്ദം നൽകുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്പീച്ച് സിന്തസൈസർ ഉപയോഗിച്ചാണ് ഇപ്പോൾ സ്റ്റീഫൻ ഹോക്കിങ്ങ് സംസാരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ രോഗം പുരോഗമിക്കുന്നതോടെ മുഖപേശികളുടെ ശേഷിയും നഷ്ടമാവാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ചിന്തകളെ തന്നെ വാക്കുകളായി രൂപാന്തരപ്പെടുത്താൻ സഹായിക്കുന്ന ഒരു ബ്രെയിൻ – കമ്പ്യൂട്ടർ ഇന്റർഫേസ് നിർമ്മാണത്തിനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂറോ ശാസ്ത്രജ്ഞരോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു സ്റ്റീഫൻ ഹോക്കിങ്.
തനിക്ക് കിട്ടിയ സമ്മാനത്തുകയായ 30 ലക്ഷം ഡോളർ ഓട്ടിസം ഉള്ള തന്റെ ചെറുമകനെ സഹായിക്കുവാനും ചിലപ്പോൾ ഒരു പുതിയ വീട് വാങ്ങുവാനും താൻ ഉപയോഗിക്കും എന്ന് സ്റ്റീഫൻ ഹോക്കിങ് അറിയിച്ചു. സമ്മാനം പ്രതീക്ഷിച്ചല്ല ആരും ഭൌതിക ശാസ്ത്ര ഗവേഷണത്തിൽ ഏർപ്പെടുന്നത്. ആർക്കും അറിയാത്ത കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന്റെ ആഹ്ലാദത്തിന് വേണ്ടിയാണ്. എന്നാൽ ഇത്തരം പുരസ്കാരങ്ങൾ സമൂഹത്തിൽ ഭൌതിക ശാസ്ത്ര ഗവേഷണ നേട്ടങ്ങൾക്ക് അംഗീകാരം നൽകാൻ ഒരു സുപ്രധാന പങ്ക്‍ വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ആത്മവിശ്വാസത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റേയും, പ്രത്യാശയുടേയും ജീവിക്കുന്ന ഉദാഹരണമായ സ്റ്റീഫൻ ഹോക്കിങ്ങ് കഴിഞ്ഞ ഓഗസ്റ്റിൽ ലണ്ടനിൽ നടന്ന പാരാലിമ്പിൿ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ പ്രസംഗിക്കവെ പറയുകയുണ്ടായി – “നിങ്ങൾ നിങ്ങളുടെ പാദങ്ങളെയല്ല, ആകാശത്തിലെ താരങ്ങളെ നോക്കുവിൻ. എപ്പോഴും കൌതുകം ഉള്ളവരാകുവിൻ.”
- ജെ.എസ്.