ലണ്ടന്‍: സ്മാര്‍ട് ഫോണുകളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്‌ആപ്പ് ഉപയോഗം മൂലം ഇറ്റലിയില്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നതായി വാര്‍ത്ത. വാട്സ്‌ആപ്പ് ഉപയോഗം വര്‍ദ്ധിച്ചതോടെ നിരവധി സാമൂഹ്യ പ്രശ്നങ്ങളും ഉയര്‍ന്നിരിക്കുന്നു. പല വിവാഹ മോചന കേസുകളിലും വാട്സ്‌ആപ്പ് വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വില്ലനാകുന്നു. കാമുകനോ കാമുകിക്കോ അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ മിക്ക വിവാഹ മോചന കേസുകളിലും ദമ്പതികള്‍ തെളിവായി ഹാജരാക്കുന്നതില്‍ പ്രധാനം.
അവിഹിത ബന്ധങ്ങളുടെ പേരില്‍ വിവാഹ മോചനത്തിലെത്തുന്ന ബന്ധങ്ങളില്‍ 40 ശതമാനത്തിലും വാട്സ്‌ആപ്പ് സന്ദേശങ്ങളാണ് തെളിവായി ഹാജരാക്കപ്പെടുന്നതെന്ന് ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ് മാട്രിമോണിയല്‍ ലോയേഴ്സ് പ്രസിഡണ്ട് ജിയാന്‍ ഗസാനി വ്യക്തമാക്കുന്നു. ഇറ്റാലിയന്‍ സംസ്കാരത്തിന്റെ അടിത്തറ കുടുംബമാണ്. എന്നാല്‍ ഇത് നേരത്തെ തന്നെ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു. വാട്സ്‌ആപ്പ് വന്നതോടെ അതിന്റെ വേഗത വര്‍ദ്ധിച്ചതായി ഗസാനി പറഞ്ഞു.
ഇന്ത്യയിലും വാട്സ്‌ആപ്പ് ഉപയോഗം വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും വിള്ളലുകള്‍ വീഴ്‌ത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹ മോചന ക്കേസുകള്‍ കുതിച്ചുയരുന്ന കേരളത്തില്‍ വാട്സ്‌ആപ്പ് അതിന്റെ വേഗത പതിന്മടങ്ങാക്കാനുള്ള സാധ്യത ഏറെയാണ്. സെല്ഫി ഭ്രമവും അത് വാട്സ്‌ആപ്പ് , ഫേസ്ബുക്ക് തുടങ്ങിയവയിലൂടെ പങ്കു വെക്കുന്നതും പങ്കാളികള്‍ ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വിശ്വാസപൂര്‍വ്വം മറ്റൊരാള്‍ക്ക് വാട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്വകാര്യ വിഷയങ്ങള്‍ പരസ്യമാകുവാനുള്ള സാധ്യത ഏറെയാണ്. സോളാര്‍ കേസിലെ വിവാദ നായിക സരിതയുടെ സ്വകാര്യ രംഗങ്ങള്‍ വാട്സ്‌ആപ്പില്‍ കൊടുങ്കാറ്റായത് അടുത്തിടെയാണ്.