കൈറോ : ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡ് നടപ്പിലാക്കുന്ന ഇസ്ലാമിക നയങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം ഈജിപ്റ്റ് പ്രസിഡണ്ട് മൊഹമ്മദ് മുർസിയുടെ പടിവാതിലിൽ എത്തി. സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും ജല പീരങ്കിയും ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും പ്രതിഷേധം കൊടുമ്പിരി കൊള്ളുകയാണ്. ഒരു പ്രതിഷേധക്കാരനെ പോലീസ് നഗ്നനാക്കി ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യം അസോസിയേറ്റഡ് പ്രസ് പുറത്തു വിട്ടു. വണ്ടി ചക്രങ്ങൾക്ക് തീ കൊളുത്തിയും കല്ലെറിഞ്ഞും പടക്കം പൊട്ടിച്ച്ഹും പ്രതിഷേധക്കാർ പോലീസിനെ നേരിട്ടു. നെറ്റിയിലും നെഞ്ഞത്തും വെടിയേറ്റ ഒരു 23കാരൻ കൊല്ലപ്പെട്ടു.
അധികാരം കയ്യടക്കി വെച്ച മുസ്ലിം ബ്രദർഹുഡിനെതിരെയും പോലീസ് അതിക്രമങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുന്ന മുർസിക്കെതിരെയുമാണ് പ്രതിഷേധം മുറുകുന്നത്. മുർസിയെ സ്ഥാനഭ്രഷ്ട്ടനാക്കണം എന്നാണ് ഉയർന്നു വരുന്ന ആവശ്യം.
തന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന പ്രതിഷേധക്കാർക്ക് പുറകിൽ രാഷ്ട്രീയ ശക്തികളാണെന്നും അക്രമത്തെ എല്ലാ കക്ഷികളും അപലപിക്കണമെന്നുമാണ് മുർസിയുടെ പ്രസ്താവന.