വാഷിംഗ്ടണ്‍ : അമേരിക്കയും യൂറോപ്യന്‍ സഖ്യവും ഇറാനെതിരെ നടപ്പിലാക്കിയ എണ്ണ കയറ്റുമതി നിരോധനത്തെ ഇന്ത്യ വക വെയ്ക്കില്ല എന്ന് വ്യക്തമാക്കി. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇടയിലാണ് ഇന്ത്യന്‍ ധന മന്ത്രി പ്രണബ് മുഖര്‍ജി ഈ കാര്യം വെളിപ്പെടുത്തിയത്. ഇറാനില്‍ നിന്നും ഇന്ത്യ തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 12 ശതമാനവും ഇറാനില്‍ നിന്നും എത്തുന്നതാണ്. അതിനാല്‍ തന്നെ ഇറാന്റെ എണ്ണ വേണ്ടെന്നു വെയ്ക്കാന്‍ ഇന്ത്യക്കാവില്ല.
എന്നാല്‍ അമേരിക്ക നടപ്പിലാക്കിയ നിരോധനത്തെ മറികടന്ന് ഇറാനുമായി ഇടപാട് നടത്തുന്നത് ദുഷ്ക്കരമാണ്. കാരണം ഇറാന്‍റെ സെന്‍ട്രല്‍ ബാങ്കുമായി ഇടപാട് നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് എതിരെ തങ്ങള്‍ നടപടി സ്വീകരിക്കും എന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന് എതിരെയുള്ള ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ധന മന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പ് നടത്തിയ ഇന്ത്യയുടെ ഈ പ്രഖ്യാപനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.