മോസ്‌കോ: പത്തു വര്‍ഷത്തെ കരാര്‍ അടിസ്‌ഥാനത്തില്‍ റഷ്യന്‍ ആണവഅന്തര്‍വാഹിനി കെ-152 ‘നേര്‍പ’ ഇന്ത്യന്‍ സൈന്യത്തിനു കൈമാറി. 90 കോടി ഡോളര്‍ വിലമതിക്കുന്ന അന്തര്‍വാഹിനി ഇനി ഐഎന്‍എസ് ചക്ര എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ടോര്‍പസ്, ക്രൂയിസ് മിസൈലുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള നേര്‍പയ്‌ക്ക് സമുദ്രത്തിനടിയില്‍ നൂറു ദിവസം വരെ മുങ്ങിക്കിടക്കാന്‍ കഴിയും. 2004ലാണ് നേര്‍പ കൈമാറുന്നതിന് കരാറുണ്ടായി എങ്കിലും 2008ല്‍ നേര്‍പയുടെ പരീക്ഷണ വേളയില്‍ അപകടമുണ്ടായത് കൈമാറ്റം വൈകിപ്പിക്കുകയായിരുന്നു. ഈ അപകടത്തില്‍ വിഷവാതകം ശ്വസിച്ച് കപ്പലിലുണ്ടായിരുന്ന 20 നാവികര്‍ മരിച്ചിരുന്നു.
ഈയിടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് റഷ്യ സന്ദര്‍ശിക്കെയാണ് ഈ കൈമാറ്റം എന്നത് ശ്രദ്ധേയമാണ്. കിഴക്കന്‍ പ്രിമോറി പ്രദേശത്തു വെച്ച് നടന്ന കൈമാറ്റ ചടങ്ങില്‍ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര, യുണൈറ്റഡ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പറേഷന്‍ മേധാവി റോമന്‍ ടോട്‌സെന്‍കോ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇതോടെ യു. എസ്, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കു പുറമേ ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യയും.