അങ്കാര : തുര്‍ക്കിയില്‍ ഇന്നലെ നടന്ന ഭൂചലനത്തില്‍ 7 പേരെങ്കിലും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി സൂചിപ്പിക്കുന്നത്. ഇടിഞ്ഞു വീണ മൂന്നു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ നിന്നും 23 പേരെ ഇത് വരെ രക്ഷപ്പെടുത്തി. മൊത്തം 25 കെട്ടിടങ്ങളാണ് നിലം പൊത്തിയത് എന്നാണ് അധികൃതര്‍ അറിയിച്ചത്.
റിക്ടര്‍ സ്കെയിലില്‍ 5.7 ആണ് ഇന്നലെ നടന്ന ഭൂചലനം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 7.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇവിടെ 600 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.