വാഷിംഗ്ടണ്‍ : ന്യൂസ് വീക്കിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ കവര്‍ പേജില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ ശിവനായി ചിത്രീകരിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു. അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്ക് പുറമേ ശ്രീലങ്കയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു. ചിത്രത്തിന് ഗോഡ് ഓഫ് ആള്‍ തിംഗ്സ് (God of all things) എന്ന തലവാചകവും നല്‍കിയിട്ടുണ്ട്. പല കൈകളിലായി ഭവന നിര്‍മ്മാണം, സമ്പദ് ഘടന, ലോകം, ആരോഗ്യം, സമാധാനം എന്നിങ്ങനെ വ്യത്യസ്ത കാര്യങ്ങള്‍ എടുത്തു പിടിച്ച് താണ്ഡവമാടുന്ന ശിവന്റെ രൂപത്തിലാണ് ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞു തിരികെ അമേരിക്കയില്‍ എത്തിയ ഒബാമയെ ന്യൂസ് വീക്കിന്റെ കവര്‍ പേജില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക കാലത്തെ പ്രസിഡണ്ട് പദം ഒരാള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലും സങ്കീര്‍ണ്ണമാണ് എന്ന ഒരു അടിക്കുറിപ്പും ഉണ്ട്.
ഹിന്ദുക്കള്‍ ആരാധിക്കുന്ന ദേവനായ ശിവനെ നിരുത്തരവാദപരമായി ചിത്രീകരിച്ച ന്യൂസ് വീക്ക് ഈ വിഷയത്തില്‍ എത്രയും വേഗം ഒരു വിശദീകരണക്കുറിപ്പ് ഇറക്കണം എന്ന് അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ഹിന്ദു മതസ്ഥരോട് ന്യൂസ് വീക്ക് മാപ്പ് പറയുകയും നവംബര്‍ 22 ന് പുറത്തിറങ്ങിയ വിവാദ ലക്കം വിപണിയില്‍ നിന്നും പിന്‍വലിക്കണം എന്നും ശ്രീലങ്കയിലെ സിലോണ്‍ ഹിന്ദു കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി കന്തയ്യ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
ന്യൂസ് വീക്ക് മലേഷ്യയില്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടു മലേഷ്യ ഹിന്ദു സംഘവും രംഗത്ത് വന്നിട്ടുണ്ട്.
മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ ലോക വ്യാപകമാവുന്നതിന്റെ സൂചനയാണ് ഇത്തരം പ്രതിഷേധങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.