വത്തിക്കാൻ സിറ്റി : ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം കടപ്പുറത്ത് ഉല്ലസിച്ചു രസിക്കുന്ന ഫോട്ടോകൾ പരസ്യമായതോടെ വെട്ടിലായ കത്തോലിക്കാ പുരോഹിതന്റെ രാജി മാർപാപ്പ സ്വീകരിച്ചു. 57 കാരനായ ബിഷപ്പ് ഫെർനാൻഡോ ബർഗല്ലോയാണ് ബിക്കിനി ധരിച്ച ഒരു യുവതിയോടൊപ്പം മെക്സിക്കോയിലെ ഒരു റിസോർട്ടിൽ ഉല്ലസിക്കുന്ന ഫോട്ടോകൾ പുറത്തായതോടെ വെട്ടിലായത്. 1997 മുതൽ ബ്യൂണസ് അയേഴ്സിലെ മെർലോ മൊറേനോ ഇടവകയെ നയിക്കുന്ന ബിഷപ്പ് ആയിരുന്നു ഫെർനാൻഡോ. പിടിക്കപ്പെട്ട ബിഷപ്പ് തനിക്ക് ഒരു റെസ്റ്റോറന്റ് ഉടമയായ യുവതിയുമായി പ്രേമ ബന്ധമുണ്ട് എന്ന് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു ഇറ്റാലിയൻ മിഷനറി സംഘത്തിന്റെ സ്ഥാപകനായ പുരോഹിതൻ ലൂഗി പ്രാൻഡിനെ സംഘത്തിലെ വനിതാ മിഷനറിമാരുമായി പതിവായി ലൈംഗിക ബന്ധം പുലർത്തിയ കുറ്റത്തിന് മാർപാപ്പ പുറത്താക്കിയിരുന്നു. മിഷനറി സംഘം തെക്കേ അമേരിക്കയിൽ പ്രവർത്തിച്ചു വരുന്ന കാലത്താണ് പുരോഹിതൻ സംഘത്തിലെ വനിതാ മിഷനറിമാരുമായി ബന്ധപ്പെട്ടത്.
ഇതോടെ കത്തോലിക്കാ സഭയിലെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കുവാനുള്ള അനുവാദം നൽകണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എന്നാൽ പുരോഹിതന്മാരുടെ ബ്രഹ്മചര്യം പൌരോഹിത്യത്തിന് അത്യാവശ്യമാണ് എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന വത്തിക്കാൻ ലൈംഗിക അപവാദങ്ങൾക്ക് കാരണം ബ്രഹ്മചര്യമാണ് എന്ന് സമ്മതിക്കാൻ തയ്യാറല്ല. 2011ൽ ഒരു സംഘം ഓസ്ട്രിയൻ പുരോഹിതന്മാർ വിവാഹം കഴിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ശക്തമായി അപലപിച്ചിരുന്നു.