രോഗിണിയായ അമ്മയുടെ ചികില്‍സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ഉടമയായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെയും സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് പൊലീസിന്‍റെ താക്കീതും കോടതിയുടെ മുന്നറിയിപ്പും. ഇന്ത്യന്‍ വംശജനായ പ്രദീപ് മനുകൊണ്ടയോട് ഇനി സൂക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് താക്കീത് നല്‍കിയിരിക്കുന്നത്. മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്‍റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഫേസ്ബുക്കിലെ കത്തുകളിലൂടെയും മെസേജുകളിലൂടെയുമാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തങ്ങളെ സഹായിക്കണമെന്ന് മനുകോണ്ട സൂക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഭാവനയായല്ല താന്‍ പണം പ്രതീക്ഷിക്കുന്നതെന്നും തന്‍റെ അമ്മയുടെ ചികില്‍സയ്ക്ക് ചെലവാകുന്ന എല്ലാ പണവും തിരിച്ചടയ്ക്കുമെന്നും മനുകോണ്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കുമാര്‍ എന്ന പേരിലും മനുകോണ്ട മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. “ഞാന്‍ പൂര്‍ണ്ണമായും അവശനായിരിക്കുന്നു. മാര്‍ക്ക്, പ്ലീസ്… എനിക്ക് സമയമില്ല. നിങ്ങളുടെ സഹായം എനിക്ക് അത്യാവശ്യമാണ്. സമയം വൈകുന്നതിന് മുമ്പ് ഒരു പ്രതികരണമറിയിക്കൂ” – ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കത്തിലെ വരികള്‍. ജീവിതത്തില്‍ മുഴുവന്‍ താന്‍ സൂക്കര്‍ ബര്‍ഗിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ വരെ താന്‍ ഒരുക്കമാണെന്നും മനുകോണ്ട വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് ഡവലപ്‌മെന്‍റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്‍റെ സഹോദരിയ്ക്കും മനുകോണ്ട ഇതേ രീതിയില്‍ തന്നെയാണ് കത്തുകളയച്ചിരുന്നത്. ജനുവരിയില്‍ സൂക്കര്‍ബര്‍ഗിന്‍റെ വീട്ടിലെത്തിയ മനുകോണ്ട പിന്നീട് ഇതേ ആവശ്യവുമായി പൌലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസിലുമെത്തി. സൂക്കര്‍ബര്‍ഗിന്‍റെ പരാതിയെത്തുടര്‍ന്ന് ജനുവരി 24-ന് സ്ഥലത്തെ പ്രാദേശിക പോലീസ് മനുകോണ്ടയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും ഫേസ്ബുക്ക് മേധാവിക്ക് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.
തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി ഫെബ്രുവരി 22ന് വീണ്ടും വാദം കേള്‍ക്കും. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.