
പാരീസ് : അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലെ സെര്‍വറുകളില്‍ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായ വിക്കി ലീക്ക്സിന്റെ ഫ്രാന്‍സിലെ സെര്‍വര്‍ അടച്ചു പൂട്ടിക്കാനുള്ള ശ്രമം ഫ്രഞ്ച് കോടതി തടഞ്ഞു. ഫ്രഞ്ച് വ്യവസായ മന്ത്രിയാണ് വെബ് സൈറ്റ് ഹോസ്റ്റ് ചെയ്ത ഓ. വി. എച്ച്. എന്ന കമ്പനിയോട് വിക്കി ലീക്ക്സ് വെബ് സൈറ്റ് അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടത്. അന്താരാഷ്‌ട്ര നയതന്ത്ര ബന്ധങ്ങള്‍ക്ക് ഭീഷണിയാകുന്ന ഒന്നും വെച്ച് പൊറുപ്പിക്കാന്‍ ഫ്രഞ്ച് സര്‍ക്കാരിന് ആവില്ല എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ തങ്ങള്‍ ഈ വെബ് സൈറ്റിന് അനുകൂലമോ പ്രതികൂലമോ അല്ലെന്ന് വ്യക്തമാക്കിയ വെബ് ഹോസ്റ്റിംഗ് കമ്പനി കോടതിയാണ് ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്ന നിലപാട് എടുത്തതിനെ തുടര്‍ന്നാണ് കേസ് കോടതി പരിഗണിച്ചത്.
തങ്ങളുടെ വെബ് സൈറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണമടച്ച് സെര്‍വര്‍ ഓര്‍ഡര്‍ ചെയ്ത വിക്കി ലീക്ക്സുമായുള്ള കരാര്‍ തങ്ങള്‍ മാനിക്കും എന്നും കമ്പനി വ്യക്തമാക്കി.
wikileaks.org എന്ന പേര് നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ വിക്കിലീക്ക്സ് wikileaks.ch എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. വന്‍ തോതില്‍ സൈബര്‍ ആക്രമണത്തിന് വിധേയമാകുന്ന തങ്ങളുടെ വെബ് സൈറ്റിന്റെ പ്രവര്‍ത്തനം ഉറപ്പു വരുത്താന്‍ ഒട്ടേറെ മിറര്‍ സെര്‍വറുകള്‍ വിക്കി ലീക്ക്സ് ആരംഭിച്ചിട്ടുണ്ട്. വിക്കി ലീക്ക്സിനോട് അനുഭാവം പുലര്‍ത്തുന്ന ഒട്ടേറെ പേര് ഈ ഉദ്യമത്തില്‍ ഇവരെ സഹായിച്ചു.
വെബ് സൈറ്റ് സ്ഥിതി ചെയ്യുന്ന പ്രധാന സെര്‍വര്‍ സൈബര്‍ ആക്രമണത്തിന് വിധേയമായാലും വെബ് സൈറ്റ് ലഭ്യമാകുന്നതിനായി സമാന്തരമായി വെബ് സൈറ്റ് വിവരങ്ങള്‍ ഒരുക്കിയ മറ്റ് സെര്‍വറുകളെയാണ് മിറര്‍ സെര്‍വറുകള്‍ എന്ന് പറയുന്നത്. wikileaks.ch എന്ന പ്രധാന സെര്‍വര്‍ എന്തെങ്കിലും കാരണവശാല്‍ ലഭ്യമല്ലാതായാലും താഴെയുള്ള ലിങ്കുകളില്‍ ഇനി മുതല്‍ വിക്കി ലീക്ക്സ് ലഭ്യമാകും.
വിക്കി ലീക്ക്സ് ലഭ്യമാക്കിയ ചില മിറര്‍ സെര്‍വറുകള്‍ :
–




ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ കൈമാറുന്ന ബ്ലാക്ക്ബെറി സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവരുടെ പിന്‍ നമ്പരും കോഡും ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറാന്‍ ബ്ലാക്ക്ബെറി കമ്പനി സമ്മതിച്ചു. യു.എ.ഇ. അടക്കമുള്ള പല രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടും ഉപയോക്താക്കളുടെ സ്വകാര്യത ഉയര്‍ത്തി പിടിച്ചു ഇത്തരമൊരു ആവശ്യം അനുവദിക്കാതിരുന്ന കാനഡയിലെ റിസേര്‍ച് ഇന്‍ മോഷന്‍ (Research In Motion) കമ്പനിക്ക് ഇന്ത്യയിലെ വന്‍ പിപണിയെ അവഗണിക്കാന്‍ കഴിയില്ല എന്നതിന്റെ സൂചനയാണിത് എന്നാണു ഈ കാര്യത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണം.
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി വായനക്കാര്‍ക്ക് ലഭ്യമാക്കുവാനായി ഗൂഗിള്‍ എഴുത്തുകാരുടെ സംഘടനയുമായി ഉണ്ടാക്കിയ കരാര്‍ തള്ളി കളയണം എന്ന് അമേരിക്കന്‍ നീതി ന്യായ വകുപ്പ് കോടതിയോട് ആവശ്യപ്പെട്ടു. ഈ കരാര്‍ നടപ്പിലാവുന്നതോടെ പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരം ഗൂഗിള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഈ പുസ്തകങ്ങള്‍ വായിക്കുവാനും കഴിയും. സാമൂഹികമായി ഏറെ നേട്ടമുള്ള ഒരു പദ്ധതിയാണ് ഇത് എങ്കിലും ഇത്തരം ഒരു നീക്കത്തോടെ ഓണ്‍ലൈന്‍ പുസ്തക രംഗത്ത് ഗൂഗിളിനെ ഒരു കുത്തക ആക്കി മാറ്റും എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓപണ്‍ ബുക്ക് അലയന്‍സിന്റെ ആരോപണം. ഗൂഗിളിന്റെ ഏറ്റവും വലിയ മൂന്ന് എതിരാളികളായ മൈക്രോസോഫ്റ്റ്, യാഹൂ, ആമസോണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ഓപണ്‍ ബുക്ക് അലയന്‍സിന് രൂപം നല്‍കിയത്. ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റ് തിരച്ചില്‍ രംഗത്ത് അജയ്യരായ ഗൂഗിളിന് പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ ആയി പ്രസിദ്ധീകരിക്കുവാന്‍ ഉള്ള അവകാശവും കൂടി ലഭിച്ചാല്‍ പിന്നെ ഗൂഗിളിനെ തോല്‍പ്പിക്കുവാന്‍ അസാധ്യമാവും എന്ന് ഇവര്‍ ഭയക്കുന്നു. എന്നാല്‍ ഇത്തരം ഒരു പദ്ധതിയിലൂടെ പുസ്തകങ്ങള്‍ തിരയുവാനും, വായിക്കുവാനും, ഡൌണ്‍ലോഡ് ചെയ്യുവാനും സാധ്യമാവുന്നത് പുസ്തകങ്ങള്‍ എന്ന മഹത്തായ സാംസ്ക്കാരിക സമ്പദ് ശേഖരത്തിന് മുന്‍പൊന്നും ലഭ്യമല്ലാത്ത അത്രയും വലിയ വായനക്കൂട്ടത്തെ സൃഷ്ടിക്കും എന്ന കാര്യം ഓപ്പണ്‍ ബുക്ക് അലയന്‍സും സമ്മതിക്കുന്നുണ്ട്.
പ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ ‘ഓര്‍കുട്ടിന്റെ’ സഹായത്തോടെ പോലീസ് കണ്ടെത്തി.
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.
























