പാരിസ്: ഒന്നിനു പുറകെ ഒന്നായി നടക്കുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഭീതി പടരുന്നു. ഒരു കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ പത്രാധിപരും പ്രസാദകനും മൂന്ന് കാര്‍ട്ടൂണിസ്റ്റുകളും രണ്ടു പോലീസുകാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യക്തിസ്വാതന്ത്യത്തിനും മാധ്യമസ്വാതന്ത്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഫ്രാന്‍സ്. അതിനാല്‍ തന്നെ പത്രസ്ഥാപനത്തിനു നേരെ മതമൌലിക വാദികള്‍ ആക്രമണം നടത്തി പത്രാധിപരേയും കാര്‍ട്ടൂണിസ്റ്റുകളേയും ഉള്‍പ്പെടെ കൊലചെയ്തതിന്റെ നെടുക്കത്തില്‍ നിന്നും ഇനിയും മുക്തമായിട്ടില്ല.
സയിദ്, ഷെരീഫ് കൌവ്വാച്ചി ഉള്‍പ്പെടെ മാധ്യമ സ്ഥാപനം ആക്രമിച്ച ഭീകരരില്‍ ചിലര്‍ ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം പാരീസിനു സമീപം കൊഷറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏതാനും പേരെ മറ്റൊരു സംഘം ഭീകരര്‍ ബന്ദികളാക്കിയിരുന്നു. തുടര്‍ന്ന് നടന്ന കമാന്റോ ഓപ്പറേഷനിടെ അമദി കൌളിബാലി എന്ന കൊടും ഭീകരന്‍ കൊല്ലപ്പെട്ടു. ഇതിനിടയില്‍ ഹയാത് ബുമദ്ദീന്‍ (26) എന്ന ഭീകരവനിത രക്ഷപ്പെട്ടത്. ഇവരുടെ ഭര്‍ത്താവാണ് അമദി കൌളിബാലി. അള്‍ജീരിയന്‍ വംശജയാണ് ഭീകരാക്രമണം പരിശീലനം ലഭിച്ചിട്ടുള്ളതായി കരുതപ്പെടുന്ന ഹയാത്.
കുടിയേറ്റക്കാര്‍ വഴി രാജ്യത്ത് മതതീവ്രവാദം ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ അധികൃതര്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല എന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഫ്രാന്‍സിന്റെ സംസ്കാരത്തിനും ജീവിത രീതിക്കും ഘടക വിരുദ്ധമാണ് മത മൌലിക വാദികള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍. ഇത് രാജ്യത്ത് പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാറുണ്ട്.
ഫ്രാന്‍സില്‍ ഷാര്‍ലി എബ്‌ദോ വാരികക്ക് നേരെ നടന്നതു പോലെ ജര്‍മ്മനിയിലും മതഭീകരര്‍ മാധ്യമ സ്ഥാപനത്തിനു നേരെ ആക്രമണം നടത്തി. സ്ഥാപനത്തിലെ ഫര്‍ണീച്ചറും ഫയലുകളും നശിപ്പിക്കപ്പെട്ടു, രണ്ടു മുറികള്‍ അഗ്നിക്കിരയാക്കി എങ്കിലും ആളപായം ഇല്ല. ജര്‍മ്മനിയില്‍ മതഭീകരതയ്ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്.