ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ് മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.
മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ് പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക് വലുതാണ്. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക് തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു.
“പെരുവഴിയമ്പലം” ആണ് (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ് അശോകന്‍ സിനിമാ രംഗത്തെത്തുന്നത്.
അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക് പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത് എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ് മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.
സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച് കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
സമയം | ചിത്രം | വര്‍ഷം | ദൈര്‍ഘ്യം | അഭിനേതാക്കള്‍ |
---|---|---|---|---|
09:30 | പെരുവഴിയമ്പലം | 1979 | 95 മിനിറ്റ് | അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത |
11:00 | കടല്‍ക്കാറ്റില്‍ ഒരു ദൂത് | 2009 | 81 മിനിറ്റ് | |
14:00 | കള്ളന്‍ പവിത്രന് | 1981 | 110 മിനിറ്റ് | അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു |
16:00 | നവമ്പറിന്റെ നഷ്ടം | 1982 | 131 മിനിറ്റ് | മാധവി, പ്രതാപ് പോത്തന്‍, സുരേഖ |
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: film-festival, kaani, padmarajan, remembrance