ഇളയ ദളപതി വിജയിന്റെ ദീപാവലി റിലീസായ തുപ്പാക്കിക്ക് കേരളത്തില്‍ വന്‍ സ്വീകരണം. രാവിലെ അഞ്ചരയ്ക്ക് നടന്ന ആദ്യ ഷോയ്ക്ക് തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ആരാധകര്‍ തീയേറ്ററുകള്‍ക്ക് സമീപം വലിയ വിജയിന്റെ ഫ്ലക്സുകളും, തോരണങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഗജിനി, ഏഴാം അറിവ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ. ആര്‍. മുരുകദോസ് വിജയിനെ ആദ്യമായി നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തുപ്പാക്കി. ഒരു എൻകൌണ്ടർ സ്പെഷ്യലിസ്റ്റായാണ് വിജയ് എത്തുന്നത്. കാജല്‍ അഗര്‍ വാളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ജയറാമും ഒരു വേഷം ചെയ്യുന്നുണ്ട്. കേരളത്തിലെ 125 തീയേറ്ററുകളിലാണ് തുപ്പാക്കി റിലീസ് ചെയ്തിരിക്കുന്നത്. തീയേറ്റര്‍ സമരം തീര്‍ന്നതിന്റെ തൊട്ടു പിന്നാലെ ആണ് തമിഴ് ചിത്രത്തിന്റെ വരവ്. തമിഴ് സിനിമകള്‍ക്കും വിജയിനും ധാരാളം ആരാധകര്‍ ഉണ്ടെന്നതിനാല്‍ ഈ ചിത്രം കേരളത്തില്‍ നിന്നും കോടികള്‍ കളക്ട് ചെയ്യും. അതേ സമയം സമരം മൂലം അയാളും ഞാനും തമ്മില്‍, ജവാന്‍ ഓഫ് വെള്ളിമല എന്നീ മലയാള ചിത്രങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടായത്. അനവസരത്തില്‍ ഉണ്ടായ സമരം പ്രേക്ഷകരേയും തീയേറ്ററുകളില്‍ നിന്നും അകറ്റുവാന്‍ ഇടയാക്കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, tamil