കടല്‍ കടന്ന മാത്തുക്കുട്ടിയും പ്രേക്ഷകന്‍ വീണ കുഴിയും

August 11th, 2013

pullipuliyum-attinkuttyum-epathram

റോഡിലിറങ്ങിയാല്‍ കുഴിയില്‍ വീഴാതെ വീട്ടിലെത്തുക എന്നത് കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ചിന്തിക്കാനാകത്ത കാര്യമാണ്. അതേ അവസ്ഥയാണ് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനും. റംസാന്‍ റിലീസിനായി കടല്‍ കടന്നെത്തിയ മാത്തുക്കുട്ടിയും പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും നിലവാരത്തകര്‍ച്ച കൊണ്ട് പ്രേക്ഷകനെ കുഴിയില്‍ ചാടിക്കുന്നു. രഞ്ജിത്താണ് ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമെങ്കില്‍ ആട്ടിന്‍ കുട്ടിയുമായി വന്നത് ലാല്‍ ജോസും. ഇരുവരും മലയാള സിനിമയുടെ പ്രതീക്ഷകളുടെ അമരക്കാർ. എന്നാല്‍ അമരക്കാര്‍ രണ്ടു പേര്‍ക്കും കാലിടറിയിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അവരുടെ പുതിയ ചിത്രങ്ങൾ.

mathukutty-epathram

മനോഹരമായതും കരുത്തുറ്റതുമായ നിരവധി തിരക്കഥകള്‍ എഴുതിയിട്ടുള്ള രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മാത്തുക്കുട്ടിയ്ക്ക് പോരായ്മകള്‍ ഏറെ.

പ്രാഞ്ച്യേട്ടനും തുടര്‍ന്ന് ബാവൂട്ടിയും. രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുവാന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. ഈ പ്രതീക്ഷയെ ശരിക്കും കച്ചവടം ചെയ്യുന്നതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. സാറ്റലൈറ്റ് റേറ്റില്‍ മാത്തൂട്ടിച്ചായന്‍ ഇന്നേ വരെ ഉള്ള റിക്കോര്‍ഡുകളെ മുഴുവന്‍ അട്ടിമറിച്ചു കളഞ്ഞു. കനത്ത മഴയിലും തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ രഞ്ജിത്തിന്റെ മാത്തൂട്ടിച്ചായനാകുന്നില്ല. ബ്ലാക്ക്, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ രഞ്ജിത്തിന്റെ കയ്യൊപ്പാണ് മാത്തൂട്ടിച്ചായനില്‍ പതിഞ്ഞിരിക്കുന്നത്. ദരിദ്രനായ ഒരു പ്രതിഭയുടെ മുഖമാണ് ഈ ചിത്രത്തിന്. ലാളിത്യം നല്ലതാണ്. എന്നാല്‍ ലളിതവല്‍ക്കരിച്ച് ലളിതവല്‍ക്കരിച്ച് അവസാനം കഥയും തിരക്കഥയും സംവിധാനവുമെല്ലാം ഒന്നുമില്ലായ്മയിലേക്ക് എത്തിയാലോ? അത്തരം ഒരു അവസ്ഥയാണ് മാത്തൂട്ടിച്ചായനുണ്ടായത്. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. കടല്‍ കടന്നു വരുന്ന മാത്തൂട്ടിച്ചായന്റെ കഥയ്ക്ക് ഒപ്പം സമകാ‍ലിക കേരളത്തിന്റെ അവസ്ഥയെ പറ്റി എന്തൊക്കെയൊ പറയുവാൻ ശ്രമിക്കുന്നത് എങ്ങും എത്തുന്നുമില്ല.

എം. സിന്ധുരാജിന്റെ തിരക്കഥകളുടെ ദൌര്‍ബല്യം ആവോളം അനുഭവിച്ചതാണ് മലയാള സിനിമ. ജലോത്സവവും, താപ്പാനയുമടക്കം പരാജയപ്പെട്ട സിനിമകളുടെ ലിസ്റ്റിന്റെ നീളം വളരെ വലുതാണ്. എന്നിട്ടും അദ്ദേഹത്തിനെ വിശ്വസിച്ച് ലാല്‍ജോസിനെ പോലുള്ള മികച്ച സംവിധായകര്‍ മുന്നോട്ട് വരുന്നു എന്നതാണ് അല്‍ഭുതം!! നാടന്‍ പശ്ചാത്തലത്തില്‍ 25 വര്‍ഷമായി മലയാളത്തില്‍ കുടുംബ ചിത്രങ്ങള്‍ ഒരുക്കുന്ന പ്രശസ്തനായ പേരിനൊപ്പം നാടിന്റെ പേരുമുള്ള സംവിധായകന്‍ പറഞ്ഞു താന്‍ പുറത്ത് നിന്ന് കഥകള്‍ എടുക്കുന്നില്ലാന്ന്. അദ്ദേഹം സ്വയം എഴുതി സംവിധാനം ചെയ്ത ചിത്രങ്ങള്‍ കണ്ട പലരും പറഞ്ഞത് ഇതിലും ഭേദം സിന്ധുരാജിനെ കൊണ്ട് എഴുതിക്കുകയാണെന്നാണ്‍. എന്നാല്‍ സിന്ധുരാജിന്റെ ആട്ടിൻ കുട്ടിയെ കണ്ടവര്‍ ഇതിലും ഭേദം ഉപദേശി സംവിധായകനെ കൊണ്ട് തിരക്കഥ എഴുതിക്കാമായിരുന്നു എന്ന് മറിച്ചു പറയുവാന്‍ ഇടയുണ്ട്. അപ്പോള്‍ സിന്ധുരാജിന്റെയും ആ സംവിധായക തിരക്കഥാകൃത്തിന്റേയും നിലവാരം ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ കുഞ്ഞാടിന്റെ അനുകരണമുള്ള കുഞ്ഞനുജനായി വരുന്നു ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ആട്ടിന്‍ കുട്ടി. മുട്ടനാടുകള്‍ ബോറടിപ്പിച്ചാലും കുട്ടനാടിന്റെ ദൃശ്യഭംഗി പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. അതിന്റെ ക്രെഡിറ്റ് ക്യാമറമാന്‍ എസ്. കുമാറിനുള്ളതാണ്.

ഇതു വരെ അഭിനയിച്ച ചിത്രങ്ങളിലെ പോലെ തന്നെ തനിക്കിതിലും കാര്യമായൊന്നും ചെയ്യാനില്ല എന്ന് നമിത പ്രമോദ് എന്ന അഭിനേത്രി ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു. ഒരു മികച്ച അഭിനേത്രിക്ക് വേണ്ട ഭാവപ്രകടനങ്ങള്‍ ഒന്നും തന്നെ ഇവരില്‍ ഇല്ലെന്ന് മാത്രമല്ല വിദൂര ഭാവിയില്‍ പോലും അതുണ്ടാകും എന്നതിന്റെ സൂചനകള്‍ കാണുവാനും ഇല്ല. മറ്റ് അഭിനേതാക്കള്‍ തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ദുര്‍ബലമായത് അവരുടെ കുഴപ്പം കൊണ്ടല്ലല്ലോ.

വെറുതെ ഒരു ഭാര്യ എന്ന് പറയുന്നതു പോലെ വെറുതെ ഒരു സിനിമ എന്നതിനപ്പുറം ആട്ടിന്‍ കുട്ടിയെ പറ്റി കാര്യമായൊന്നും പറയുവാന്‍ ഇല്ല. മീശമാധവന്‍ പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഒരു സംവിധായകന് ഈ ചിത്രം തന്റെ മൂന്നാമത്തെയോ നാലമത്തെയോ അസിസ്റ്റന്റിനെ കൊണ്ടു ചെയ്യിച്ചിരുന്നെങ്കിലും ഇതിലും നിലവാരം ഉണ്ടാകുമായിരുന്നു എന്ന് പ്രേക്ഷകനു തോന്നിയാല്‍ അവരെ കുറ്റം പറയുവാന്‍ ആകില്ല. ഡയമണ്ട് നെക്‍ലസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളുടെ ഏഴയലത്ത് വരില്ല ഈ പുള്ളിപ്പുലി. എന്തിന് എത്സമ്മ എന്ന ആണ്‍കുട്ടി യുടെ പോലും അടുത്തെങ്ങും എത്തില്ല ഈ ചിത്രം.

കുട്ടനാടിന്റെ ഭംഗിയും ഭാഷയും ആമേനിലൂടെ പ്രേക്ഷകന്‍ അനുഭവിച്ചത് ഇപ്പോളും അവരുടെ മനസ്സിലുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ കുട്ടനാടിന്റെ പശ്ചാത്തലം എന്നതിനപ്പുറം അവരുടെ ജീവിതവുമായോ ഭാഷയുമായോ കാര്യമായ ബന്ധം ഒന്നും ഇല്ല.

രഞ്ജിത്ത്, ലാല്‍ ജോസ് തുടങ്ങിയ പ്രതിഭകളുടെ സ്പര്‍ശം ലവലേശം തൊട്ടു തീണ്ടാത്ത ചിത്രങ്ങളാണ് രണ്ടും. തിരക്കഥയുടെ പോരായ്മ രണ്ടു ചിത്രങ്ങള്‍ക്കും പ്രതിസന്ധി തീര്‍ക്കുന്നു. ഗാനങ്ങളും നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. മറ്റൊന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായി എന്ന് പറയുന്നതു പോലെ മറ്റു ചിത്രങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് റംസാന്‍ റിലീസെന്ന പേരില്‍ ചിത്രങ്ങള്‍ ഒരു പക്ഷെ വിജയിച്ചേക്കാം. എന്തായാലും “ന്യൂ ജനറേഷന്‍” കമ്പി വര്‍ത്തമാന സിനിമയല്ല എന്നതിനാല്‍ തന്നെ കുടുംബ സമേതം തിയേറ്ററില്‍ പോയി കാണാം എന്നൊരു ആശ്വാസം മാത്രം!!

ഓഫ്: ഈ ചിത്രത്തിന്റെ പ്രമോയുടെ ഭാഗമായോ മറ്റൊ ബുദ്ധിജീവികള്‍ക്ക് തീയേറ്ററിലേക്ക് പ്രവേശനം ഇല്ലെന്ന് പറഞ്ഞ ലാല്‍ ജോസിന് സിന്ധുരാജിനെ വച്ചാണ് തിരക്കഥ ഒരുക്കുന്നതെങ്കില്‍ അടുത്ത ചിത്രത്തിന്റെ ക്യാപ്ഷനായി “സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തിയേറ്ററിലേക്ക് പ്രവേശനമില്ല” എന്ന് പരിഗണിക്കാവുന്നതാണ്.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രേക്ഷകനെ ഞെട്ടിക്കുന്ന 22 ഫീമെയില്‍ കോട്ടയം

April 21st, 2012

22-female-kottayam-epathram

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം മലയാള സിനിമാ പ്രേക്ഷകനെ ഞെട്ടിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ ഇതാണ് വ്യത്യസ്ഥത എന്ന് ഒറ്റക്കെട്ടായാണ് സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കോട്ടയം കാരിയായ ഒരു നേഴ്സിന്റെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥയുമായാണ് ഇത്തവണ ആഷിഖ് അബു എത്തിയത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീയോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.

rima-kallingal-22-female-kottayam-epathram

ടെസയുടെ ജോലിയിലും പ്രണയത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളും തുടന്ന് ആത്മഹത്യയുടെ വക്കോളം എത്തിയിട്ടും തന്റേടത്തോടെ അവള്‍ അതിജീവിക്കുന്നതുമായ കഥയാണ് 22 ഫീമെയിലില്‍. ടെസ കെ. എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് റീമ കല്ലിങ്ങലാണ്. റീമ അവതരിപ്പിക്കുന്ന ടിപ്പിക്കല്‍ പ്ലാസ്റ്റിക് നായികാ വേഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു ടെസ് എന്ന ജീവനുള്ള കഥാപാത്രം. ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ വലിയ ഒരു ചുവടു കൂടെ മുന്നോട്ട് വച്ചിരിക്കുന്നു ഈ ചിത്രത്തിലെ സിറില്‍ എന്ന കഥാപാത്രത്തിലൂടെ.

ശ്യാം പുഷ്കരനും അഭിലാഷും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടും തൂണ്‍. യുക്തിഭദ്രമായ തിരക്കഥകള്‍ മലയാള സിനിമയ്ക്ക് അന്യമായ നാളുകളില്‍ ഇത്തരം ഉദ്യമങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്. മലയാള സിനിമയിലെ തിക്കഥാ രംഗത്ത് ഇന്ന് ഏറ്റവും വലിയ വിജയ കൂട്ടുകെട്ട് എന്ന് അഹങ്കരിക്കുന്ന ഉദയ് സിബി ടീം ഒരുക്കിയ മായാമോഹിനിയും, ടി. ദാമോദരന്‍ മാഷിനു ശേഷം തീപ്പൊരി ഡയലോഗുകളുടെ തമ്പുരാന്‍ എന്ന വിശേണം ചാര്‍ത്തിക്കിട്ടിയ രഞ്ജിപണിക്കര്‍ ദി കിങ്ങ് ആന്റ് കമ്മീഷ്ണറിലൂടെയും മലയാളി പ്രേക്ഷകനെ വിഡ്ഡികളാക്കിയതിന്റെ തൊട്ടടുത്ത വാരമാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മെഗാ – സൂപ്പര്‍ താരങ്ങളും വലിയ ബാനറുകളും പിന്നിലുണ്ടായിട്ടും ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനോട് ഒട്ടും നീതി പുലര്‍ത്താത്ത ഇവർക്ക് ചുട്ട മറുപടി കൂടിയാണ് ഈ ചെറിയ ചിത്രം.

ഷൈജു ഖാലിദാണ് ക്യാമറ ചെയ്തിരിക്കുന്നത്. വിവേക പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ കൊണ്ട് വ്യഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് മലയാള സിനിമയെ ഷൈജു ഖാലിദ് ഉയര്‍ത്തിയിരിക്കുന്നു. വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററുടെ കത്രികയുടെ കണിശത ചിത്രത്തിനു മറ്റൊരു മുതല്‍കൂട്ടായി.

സാമൂഹിക പ്രതിബദ്ധതയില്ല, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ല, വ്യത്യസ്ഥതയില്ല, പുതുമയില്ല, എന്നെല്ലാം ഉള്ള വിലാപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം. ഇത്തരം ചിത്രങ്ങളെ വിജയി പ്പിക്കുന്നതിലൂടെയും മായാമോഹിനിമാരെ അവഗണിക്കുന്നതിലൂടെയും പ്രേക്ഷകനു നല്ല സിനിമയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുവാനുള്ള അവസരം കൂടെയാണ് ഇത്. മായാമോഹിനിമാരെയും, കോബ്രകളെയും പോലുള്ള മലയാള സിനിമയിലെ മാലിന്യ മലകളെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഓര്‍ഡിനറിക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെങ്കിലും അത് ഒരു വന്‍ വിജയമാക്കിയ പ്രേക്ഷകന്‍ ഈ ചിത്രത്തേയും കൈവിടില്ല എന്നാണ് ആസ്വാകന്റെ പ്രതീക്ഷ.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍; സരോജ് ശ്രീനിവാസന്റെ പണ്ഡിറ്റ് ചിത്രം!

January 16th, 2012

padmasree-bharat-dr-saroj-kumar-epathram

ഉദയനാണു താരം സിനിമയിലെ നായകന്‍ സരോജ് കുമാറിന്റെ തിരക്കഥയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തില്‍ ഒരു ചലച്ചിത്ര വൈകല്യം പിറന്നാല്‍ എങ്ങിനെ ഇരിക്കും എന്ന് ആര്‍ക്കെങ്കിലും ഒരു കൌതുകം തോന്നിയാല്‍ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം കണ്ടാല്‍ മതിയെന്നാണ് ആസ്വാദകനു തോന്നുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും മോശം തിരക്കഥയുമായി ഒരു മലയാള സിനിമ ഇറങ്ങിയിട്ടുണ്ടാവില്ല.

santhosh-pandit-epathram

സന്തോഷ്‌ പണ്ഡിറ്റ്‌

നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി പ്രതിഭ തെളിയിച്ച ശ്രീനിവാസന്‍ വയസ്സാം കാലത്ത് സന്തോഷ് പണ്ഡിറ്റിനു പഠിക്കുകയാണോ എന്ന് പ്രേക്ഷകനു സംശയം തോന്നിയാല്‍ ഒട്ടും അതിശയിക്കേണ്ടതില്ല. സന്ദേശവും, വടക്കു നോക്കി യന്ത്രവും, ചിന്താവിഷ്ടയായ ശ്യാമളയും, ഉദയനാണ് താരവുമെല്ലാം രചിച്ച ശ്രീനിവാസന്റെ പ്രതിഭക്ക് ജരാനര ബാധിച്ചു എന്ന് ഒരുനാള്‍ വരും എന്ന മോഹന്‍‌ലാല്‍ ചിത്രം പ്രേക്ഷകനു വ്യക്തമായ സൂചന നല്‍കിയിരുന്നു. ആ മുന്നറിയിപ്പിനെ വക വെക്കാതെ പണവും സമയവും മുടക്കി തിയേറ്ററില്‍ എത്തുന്നവര്‍ക്ക് ഈ ദുരന്ത സത്യം നേരിട്ടനുഭവിക്കാം. തിരക്കഥാ കൃത്തിന്റെ സ്ഥാനം സംവിധായകനേക്കാള്‍ മുകളിലാണെന്ന് സ്വയം വ്യക്തമാക്കുന്ന ടൈറ്റില്‍ കാര്‍ഡ് ഒരു സൂചകമാണ്. അതായത് ഈ വങ്കത്തരത്തില്‍ സംവിധായകനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം തിരക്കഥാകൃത്തിനു തന്നെ എന്ന്.

കറുത്ത ഹാസ്യം എന്നത് ഒരു കാലത്ത് ശ്രീനിവാസന്റെ രചനകളുടെ മുഖമുദ്രയായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ശുദ്ധ വളിപ്പിനെ “കൂതറയില്‍ മുക്കിയെടുത്ത്“ സ്ഥാനത്തും അസ്ഥാനത്തും വിളമ്പിയിരിക്കുന്നു. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ട് മലയാള സിനിമയിലെ ആനുകാലിക സംഭവങ്ങളെയെല്ലാം ചേര്‍ത്ത് ഇടതടവില്ലാതെ എന്തൊക്കെയോ പറയുവാനും കാണിക്കുവാനും ശ്രമിക്കുന്നുണ്ട് ഈ ചിത്രത്തില്‍. സൂപ്പര്‍ താരങ്ങളെ ലക്ഷ്യമിട്ടെന്ന വണ്ണം ആദായ നികുതി റെയ്ഡിനെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെയ്ഡില്‍ പിടിച്ചെടുക്കുന്ന കാളക്കൊമ്പ് ആനക്കൊമ്പാണെന്ന് പറയണം ഇല്ലെങ്കില്‍ അത് തന്റെ ഇമേജിനെ ബാധിക്കും എന്ന് പറയുന്ന നായകന്‍. ലഫ്റ്റനെന്റ് പദവി ലഭിക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന “പരാക്രമങ്ങള്‍” ഇതെല്ലാം ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. പൃഥ്‌വിരാജിന്റെയും സുപ്രിയാ പൃഥ്‌വിരാജിന്റെയും ഒരു ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഡയലോഗാണ് ദക്ഷിണേന്ത്യയില്‍ ഇംഗ്ലീഷ് പറയുന്ന നടന്‍ എന്നത്. ഈ ചിത്രത്തില്‍ സരോജ് കുമാറിന്റെ പരിഹാസ വാചകത്തില്‍ അതും തിരുകുവാന്‍ ശ്രീനിവാസന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വിമര്‍ശനമെന്നാല്‍ വെറും വളിപ്പല്ലെന്ന് അറിയാത്ത ആളല്ല ശ്രീനിവാസന്‍ എന്നതാണ് ഈ ചിത്രം കാണുന്നവനെ കൂടുതല്‍ ദുഖിപ്പിക്കുന്നത്. രതിനിര്‍വ്വേദത്തെ പോലെ റീമേക്ക് ചിത്രങ്ങളെ പരിഹസിക്കുന്ന തിരക്കഥാകാരന്‍ രണ്ടു കാലും മന്തുള്ളവന്‍ ഉണ്ണി മന്തുള്ളവനെ പരിഹസിക്കുന്ന പഴമൊഴിയെ ഓര്‍മ്മപ്പെടുത്തുന്നു.

ഉദയനാണ് താരത്തിലെ ചില കഥാപാത്രങ്ങളെ എടുത്ത് ആ കഥയുടെ തുടര്‍ച്ചയെന്നോണം തട്ടിക്കൂട്ടിയ പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന് രതിനിര്‍വ്വേദങ്ങളുടെ പുനരവതാരത്തെ പരിഹസിക്കുവാന്‍ യാതൊരു അര്‍ഹതയുമില്ല. പുതുമുഖ സംവിധായകന്‍ ആയിരിന്നിട്ടു കൂടി ഉദയനാണു താരത്തെ വന്‍ വിജയമായ കൊമേഴ്സ്യല്‍ ചിത്രമാക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ വന്നിരിക്കുന്ന ചലച്ചിത്ര ഗോഷ്ടി സംവിധാനം ചെയ്തിരിക്കുന്നതും ഒരു പുതുമുഖ സംവിധായകന്‍ തന്നെ – സജിന്‍ രാഘവന്‍. സജിന്‍ രാഘവനു മേലില്‍ സംവിധായകന്റെ മേലങ്കി അണിയുവാന്‍ ജീവിതത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഈ പണിക്കിറങ്ങും മുമ്പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. ഒരുനാള്‍ വരും, സാഗര്‍ ഏലിയാസ് ജാക്കി, എയ്‌ഞ്ചല്‍ ജോണ്‍, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് കോടികള്‍ ഇറക്കുവാന്‍ പ്രോഡ്യൂസേഴ്സ് മുന്നോട്ടു വരുന്ന മലയാള സിനിമയില്‍ തീര്‍ച്ചയായും സജിനു പ്രതീക്ഷയര്‍പ്പിക്കാം. അവസരം ലഭിക്കാതിരിക്കില്ല.

ചുരുങ്ങിയ കാലം കൊണ്ട് വിനീത് ശ്രീനിവാസന്‍ ഉണ്ടാക്കിയെടുത്ത ഇമേജും ഈ ചിത്രത്തിലൂടെ കളഞ്ഞു കുളിക്കുന്നുണ്ട്. അച്ഛനും മകനും കൂടി പ്രേക്ഷകനെ ബോറടിപ്പിക്കുന്നതില്‍ മത്സരിക്കുന്നതായാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ഈ ചിത്രം വിനീത് എന്ന യുവ നടന് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതിനെ പറ്റി ചിന്തിക്കുവാനുള്ള അവസരമാണ്. മമതാ മോഹന്‍ ദാസ് ഈ ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ചുമ്മാ സരോജ് കുമാറിനെ കുറ്റം പറയുവാനായി ഇടവിട്ടിടവിട്ട് പ്രത്യക്ഷപ്പെടുന്നു എന്നതിനപ്പുറം യാതൊന്നും ഈ കഥാപാത്രത്തിനു ചെയ്യാനില്ല.

മലയാള സിനിമയെ “ശുദ്ധീകരിക്കുക” എന്ന ദൌത്യമാണ് ശ്രീനിവാസന്‍ ഈ ചിത്രത്തിലൂടെ ഏറ്റെടുക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇത്തരം തിരക്കഥ എഴുതുന്ന സ്വന്തം തൂലികയെ കുപ്പയില്‍ ഇടുക എന്നതു തന്നെയാണ്. ആദ്യം അവിടെ നിന്നാകട്ടെ ശുദ്ധീകരണം. മാലിന്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര മാലിന്യങ്ങളും നിറഞ്ഞു കൊണ്ടിരിക്കുന്നു. അതില്‍ സൂപ്പര്‍ മാലിന്യങ്ങള്‍ മുതല്‍ സന്തോഷ് മാലിന്യം വരെ ഉണ്ട്. ഈ മാലിന്യ കൂമ്പാരത്തില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ പ്രേക്ഷകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിവൃത്തി ഇല്ലാഞ്ഞിട്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ ചിലര്‍ അതില്‍ വീഴുന്നുമുണ്ട്. ഇത്തരം മാലിന്യങ്ങള്‍ കൊണ്ട് ആകെ പ്രയോജനം ഉണ്ടാകുന്നത് സിനിമയുടെ പേരില്‍ ജീവിക്കുകയും, ഗ്രൂപ്പ് കളിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം. പുതിയ സിനിമകള്‍ വരുന്നു, അവയെ പ്രേക്ഷകന്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു എന്നത് അറിയാത്ത ആളുകള്‍ അല്ല ഈ സിനിമയുടെ അണിയറയില്‍ ഉള്ളവര്‍ എന്നിട്ടും ഇത്തരം മാലിന്യത്തെ പ്രേക്ഷകരുടെ മുന്നിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ തള്ളുന്നത് ഒന്നുകില്‍ ശുദ്ധ അഹങ്കാരം അല്ലെങ്കില്‍ പ്രേക്ഷകനോടുള്ള വെല്ലുവിളി എന്ന നിലയിലേ ഈയുള്ളവന്‍ കാണുന്നുള്ളൂ.

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ കോപ്രായങ്ങള്‍ കണ്ട് ആര്‍ത്തു ചിരിക്കുവാന്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍ എത്തുന്നവര്‍ ആദ്യ പകുതിയില്‍ തന്നെ നിരാശപ്പെടുന്നു. വെക്കടാ വെടി എന്ന പേരില്‍ സരോജ് കുമാറിന്റെ ഒരു ചിത്രത്തിന്റെ പേരുണ്ട് ഈ സിനിമയില്‍‍. ഒടുവില്‍ ചിത്രം കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്‍ പറയുന്നതും മറ്റൊന്നുമല്ല. വെക്കടാ വെടി എന്ന് തന്നെ. പക്ഷെ അത് ആരുടെ നെഞ്ചത്തോട്ട് എന്നതാണ് പ്രശ്നം. കഥാകൃത്തിന്റേയോ,സംവിധായകന്റേയോ, നിര്‍മ്മാതാവിന്റേയോ അതോ തന്റെ തന്നെയോ?

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

4 അഭിപ്രായങ്ങള്‍ »


« ബാച്ച്‌ലര്‍ പാര്‍ട്ടിയു​മായി അമല്‍ നീരദ്‌
സിനിമ സീരിയല്‍ നടി കൃപ വിവാഹിതയാകുന്നു »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine