വിനോദ സഞ്ചാരികളുടെ പറുദീസ ആയി ഒരു കാലത്തു പ്രശസ്തം ആയിരുന്ന പാക്കിസ്ഥാനിലെ സ്വാറ്റ് താഴ്വര താലിബാന്‍ പോരാളികളുടെ പിടിയില്‍ ആയിട്ട് കുറെ കാലം ആയി. ജിഹാദിന്റെ പേരില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിര്‍ നില്‍ക്കുന്നവരുടെ തല വെട്ടിയും കൊന്നൊടുക്കിയും ഇക്കൂട്ടര്‍ ഈ പ്രദേശം അടക്കി വാഴുന്നു. കോഴിയെ കൊല്ലുന്നത് പോലെയാണ് താലിബാന്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് എന്ന് പ്രൈമറി സ്കൂള്‍ അധ്യാപകയായ സല്‍മ പറയുന്നു. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ദിന പത്രമായ ഡോണ്‍നു നല്കിയ ഒരു അഭിമുഖത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. അടുത്തയിടെ ഒരു പുതിയ പ്രവണത കണ്ടു വരുന്നതായും ഇവര്‍ പറയുന്നു. പ്രായ പൂര്‍ത്തിയായ വിവാഹം കഴിക്കാത്ത പെണ്‍ കുട്ടികളുടെ അച്ഛന്‍മാര്‍ ഈ വിവരം അടുത്തുള്ള പള്ളിയില്‍ അറിയിക്കണം എന്ന് താലിബാന്‍ ഉത്തരവിട്ടുവത്രേ. ഈ പെണ്‍ കുട്ടികളെ താലിബാന്‍ പോരാളികള്‍ക്ക് വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഇത്. വിവാഹത്തിന് തയ്യാര്‍ ആവാത്തവരെ താലിബാന്റെ നേതൃത്വത്തില്‍ തങ്ങളുടെ പോരാളികളെ കൊണ്ടു ബലമായി കല്യാണം കഴിപ്പിക്കുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി.
അഫ്ഘാനിസ്ഥാനില്‍ നടപ്പിലാക്കിയത് പോലെയുള്ള നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേലെ ഇവിടെയും താലിബാന്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് വയസിനു മുകളില്‍ പ്രായമുള്ള പെണ്‍ കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീടിനു പുറത്തിറങ്ങാന്‍ വിലക്കുണ്ട്. വിലക്ക് ലംഘിച്ചു വീടിനു പുറത്തിറങ്ങുന്ന പെണ്‍ കുട്ടികളെ ഇവര്‍ വധിക്കുന്നു. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് ബന്ധുവായ ഒരു പുരുഷന്റെ അടമ്പടിയോടു കൂടെ മാത്രം ആയിരിക്കണം. കൈയില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കരുതുകയും വേണം. വിവാഹിതരായ ദമ്പതികള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
സ്ത്രീകളുടെ വിദ്യാഭ്യാസം താലിബാന്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ ജോലി ചെയ്യുന്നത് കൂടി നിരോധിച്ചത് സല്‍മയുടെ വിദ്യാര്‍ത്ഥിനികളെ കൂടാതെ സഹ പ്രവര്‍ത്തകരായ അധ്യപികമാരെയും കൂടെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. വൃദ്ധരായ മാതാ പിതാക്കള്‍ മാത്രം വീട്ടില്‍ ഉള്ള ഇവരില്‍ പലരും കുടുംബത്തിന്റെ ഏക ആശ്രയം ആണ്. ഇവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ഇവരുടെ കുടുംബത്തിന്റെ കാര്യം പ്രതിസന്ധിയില്‍ ആവും. ഈ കാര്യങ്ങള്‍ പറഞ്ഞ് ഇവരുടെ പ്രശ്നങ്ങള്‍ എഴുതി കൊടുക്കുവാന്‍ ഇവരുടെ പ്രധാന അധ്യാപകന്‍ ഇവരോട് ആവശ്യപ്പെ ട്ടിട്ടുണ്ടത്രേ. ഇത് ഇവര്‍ താലിബാന് അയച്ചു കൊടുത്തു നിയന്ത്രണത്തില്‍ എന്തെങ്കിലും ഇളവ് നേടാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് പോലും പലര്‍ക്കും ഭയമാണ്. മുന്‍പ് ഇതു പോലെ പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിച്ച ബഖ്ത് സേബ എന്ന ഒരു വനിതാ പ്രവര്‍ത്തകയോട് താലിബാന്‍ ഉടന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അശരണരായ പെണ്‍ കുട്ടികളുടെ വിവാഹ ചെലവുകള്‍ക്ക് ഉള്ള പണം സ്വരൂപിച്ചു നല്‍കുകയും ദരിദ്രരായ പെണ്‍ കുട്ടികള്‍ക്ക് യൂനിഫോര്‍മും പുസ്തകങ്ങളും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും താലിബാന്‍ അനാശാസ്യം എന്ന് മുദ്ര കുത്തിയാണ് സ്ത്രീകളെ അടക്കി നിര്‍ത്തുന്നത്. താലിബാന്റെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാഞ്ഞ ഇവരെ അടുത്ത ദിവസം വീട്ടിലെത്തി വെടി വെച്ചു കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന പന്ത്രണ്ടോളം സ്ത്രീകളെ ഇതു പോലെ “അനാശാസ്യം” എന്ന് മുദ്ര കുത്തി താലിബാന്‍ തന്റെ ഗ്രാമത്തില്‍ കൊന്നൊടുക്കി എന്ന് പേര് വെളിപ്പെടുത്താന്‍ ഭയമുള്ള ഒരു വനിതാ പ്രവര്‍ത്തക പറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
– ഗീതു
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: geethu