ന്യൂഡല്‍ഹി : സ്വിറ്റ്സര്‍ലന്‍ഡിന്റെ തൊട്ടടുത്ത രാജ്യമായ ലിക്ടന്‍സ്റ്റിനിലെ എല്‍. ജി. റ്റി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 18 ഇന്ത്യാക്കാരുടെ പട്ടികയില്‍ പതിനാറാമത്തെ പേര് എം. ആര്‍. എഫ്. കമ്പനി ഉടമകളായ മാമ്മന്‍ കുടുംബത്തില്‍ നിന്നുമുള്ള ഒരാളുടേതാണ് എന്ന് ഓണ്‍ലൈന്‍ പത്രമായ തെഹല്‍ക ഡോട്ട് കോം വെളിപ്പെടുത്തി.
2009 മാര്‍ച്ച് 18 നാണ് ഈ പട്ടിക ജര്‍മന്‍ അധികൃതര്‍ ഇന്ത്യക്ക് കൈമാറിയത്. എന്നാല്‍ അന്ന് മുതല്‍ ഇടതു പക്ഷ കക്ഷികളുടെയും ബി.ജെ.പി. യുടെയും നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ട് ഈ പട്ടികയിലെ ആളുകളുടെ പേര് വെളിപ്പെടുത്തില്ലെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ധന മന്ത്രി പ്രണബ് മുഖര്‍ജിയും ശഠിച്ചു വരികയാണ്.
ഈ പട്ടികയാണ് ഇപ്പോള്‍ തെഹല്കയുടെ കൈവശം ലഭിച്ചിട്ടുള്ളത്. ഇതില്‍ പതിനഞ്ച് പേരുകള്‍ തെഹല്‍ക കഴിഞ്ഞ ആഴ്ച തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ വ്യാപാര സ്ഥാപനങ്ങളുടെ പേരോ കൂടുതല്‍ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് മികച്ച പത്രപ്രവര്‍ത്തന മര്യാദകള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് ഇവരുടെ പ്രതികരണം തേടുകയും ചെയ്തു തെഹല്‍ക. ഇരു പക്ഷത്തിന്റെയും പ്രതികരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ എന്നാണു തെഹല്‍ക പറയുന്നത്.
എന്നാല്‍ ഇതില്‍ പതിനാറാമത്തെ പേര് രണ്ടു ദിവസം മുന്‍പ് തെഹല്‍ക പുറത്തു വിട്ടത് ഏറെ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള പ്രമുഖ ബിസിനസ് കുടുംബമായ മാമ്മന്‍ കുടുംബാംഗങ്ങള്‍ കഴിഞ്ഞ മൂന്നു തലമുറകളായി എം. ആര്‍. എഫ്. ന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. എം. ആര്‍. എഫ്. ന്റെ സ്ഥാപകനായ എം. കെ. മാമ്മന്‍ മാപ്പിള പദ്മശ്രീ പുരസ്കാര ജേതാവുമാണ്.
മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇവര്‍ക്ക് അക്കൌണ്ടുകള്‍ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും ജര്‍മ്മന്‍ അധികൃതര്‍ ഇന്ത്യക്ക് കൈമാറിയ പട്ടികയില്‍ ഇവരുടെ പേരുണ്ട് എന്ന് തെഹല്‍ക അറിയിക്കുന്നു.
എം. ആര്‍. എഫിന്റെ മാനേജിംഗ് ഡയറക്ടറായ അരുണ്‍ മാമ്മനെ ഫോണില്‍ ബന്ധപ്പെടാന്‍ തെഹല്‍ക ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് തിരക്കാണ് എന്ന് പറഞ്ഞു സെക്രട്ടറി ഫോണ്‍ അദ്ദേഹത്തിന് നല്‍കാന്‍ കൂട്ടാക്കിയില്ല എന്ന് തെഹല്‍ക വെളിപ്പെടുത്തി. തങ്ങള്‍ ഇത്തരമൊരു വിവരം പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും താങ്കളുടെ പക്ഷം അറിയിക്കണമെന്നും കാണിച്ച് അരുണിന് അയച്ച ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, മാധ്യമങ്ങള്‍, വിവാദം, സാമ്പത്തികം