ന്യൂഡൽഹി: ദേശീയ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള ആശങ്കകള്‍ക്ക് ഒരു പരിധി വരെ വിരാമമിട്ട് കൊണ്ട് സുപ്രീം കോടതി പുതിയ വിശദീകരണം നല്‍കി. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിൽ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സിനിമ തുടങ്ങുന്നതിന് മുന്‍പായി ദേശീയ ഗാനം ആലപിക്കണം എന്നും, ഗാനാലാപന വേളയില്‍ ദേശീയ ഗാനത്തോടുള്ള ആദര സൂചകമായി കാണികള്‍ നിര്‍ബന്ധമായും എഴുന്നേറ്റു നില്‍ക്കണം എന്നൊക്കെയുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഒട്ടേറെ ആശങ്കകള്‍ നിലനിന്നിരുന്നു. ഇതിന് വിരാമമിട്ട് കൊണ്ടാണ് പുതിയ വിശദീകരണം. ദേശീയ ഗാനാലാപന വേളയില്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ച ചിലരെ പോലീസ് അറസ്റ്റ് ചെയ്യുക കൂടി ഉണ്ടായതോടെ ഈ വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അടുത്തയിടെ പുറത്തിറങ്ങിയ ദംഗല്‍ എന്ന സിനിമയില്‍ ദേശീയ ഗാനം ആലപിക്കുന്ന ഒരു രംഗം ഉണ്ടായത് സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് നിലനിന്ന അവ്യക്തത കൂടുത്തല്‍ പ്രകടമാക്കി. സിനിമയിലെ ഗാനാലാപന വേളയിലും ചിലര്‍ എഴുന്നേറ്റു നിന്നു. ഈ വിഷയമാണ് ഒരു പൊതു താല്പര്യ ഹര്‍ജിയായി വീണ്ടും സുപ്രീം കോടതിയില്‍ എത്തിയത്. സിനിമയിലെ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് നടത്തുന്ന ദേശീയ ഗാനാലാപന വേളയിലും കാണികള്‍ എഴുന്നേറ്റ് നില്‍ക്കണമോ എന്ന് സുപ്രീം കോടതി വ്യക്തമാക്കണം എന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ല എന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, മനുഷ്യാവകാശം, വിവാദം