ജെയ്പൂര്‍ : രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ രണ്ടു വ്യാജ പൈലറ്റുമാരെ പിടികൂടി. ഇവര്‍ വ്യാജ രേഖകള്‍ ചമച്ചാണ് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുകള്‍ കൈവശമാക്കിയത് എന്നാണ് കണ്ടെത്തല്‍. കൊമേഴ്സ്യല്‍ വിമാനങ്ങള്‍ പറപ്പിക്കുവാന്‍ ഇത്ര മണിക്കൂര്‍ വിമാനം പറപ്പിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ഇതാണ് ഇവര്‍ വ്യാജമായി സംഘടിപ്പിച്ചത്. സ്പൈസ് ജെറ്റ് വിമാന കമ്പനിയുടെ വൈമാനികരാണ് പിടിക്കപ്പെട്ടത്. എന്നാല്‍ ഇനിയും എട്ടു വൈമാനികര്‍ കൂടി ഇത്തരത്തില്‍ വ്യാജ രേഖകളുടെ സഹായത്താല്‍ ജോലി ചെയ്യുന്നുണ്ട് എന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. ഇതില്‍ എയര്‍ ഇന്ത്യയുടെ ഒരു എന്‍ജിനീയറും ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ അധീനതയിലുള്ള രാജസ്ഥാന്‍ ഫ്ലയിംഗ് സ്ക്കൂളിന്റെ പേരിലാണ് ഇവര്‍ വ്യാജ രേഖ കൈക്കലാക്കിയത്. എന്നാല്‍ മറ്റു സ്ക്കൂളുകളുടെ രേഖകളും ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇനിയും കൂടുതല്‍ വ്യാജന്മാരെ കണ്ടെത്താനാവും എന്നാണ് അഴിമതി വിരുദ്ധ ബ്യൂറോ കരുതുന്നത്. ഈ അഴിമതിയില്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണം എന്ന് സി. ബി. ഐ. യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, തട്ടിപ്പ്, വിമാനം