പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത് വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമാണ്.
ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത് എങ്കില്‍ തനിക്ക് പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.
വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം