ന്യുഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്‌തമായിരിക്കേ പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു. 15 അംഗങ്ങളാണ് സമിതിയിലുള്ളത്. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.
പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഈ മാസം 11 ന് അയച്ചുവെന്ന് പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ജയലളിത തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്ന് ജയലളിത വ്യക്തമാക്കി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആണവം, തൊഴിലാളി, പ്രതിഷേധം, മനുഷ്യാവകാശം, സാമ്പത്തികം