ഇറാനിലെ ടെഹ്റാന് 75 കിലോമീറ്റര് അകലെയായി യാത്രാ വിമാനം തകര്ന്നതിന്റെ ദൃശ്യങ്ങള് ഇറാന് വിദ്യാര്ഥികളുടെ വാര്ത്ത ഏജന്സി പുറത്തു വിട്ടു. റഷ്യന് നിര്മ്മിതം ആയ ഇറാനിയന് യാത്രാ വിമാനം പറന്നുയര്ന്ന ഉടനെ തന്നെ തകര്ന്ന് വീഴുകയായിരുന്നു.
വിമാനത്തില് ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടു. ഇറാനില് കഴിഞ്ഞ ആറ് വര്ഷങ്ങള്ക്കിടയില് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിമാന ദുരന്തം ആണ് ഇത് എന്നും അധികാരികള് പറഞ്ഞു.
തകരുന്നതിനു മുന്പായി വിമാനത്തിന്റെ വാല് ഭാഗത്ത് തീ കാണപ്പെട്ടു എന്നും അത് ആകാശത്ത് വട്ടം ചുറ്റി എന്നും ദൃക്സാക്ഷികള് വാര്ത്താ ഏജന്സിയോട് പറഞ്ഞു. ഒരു വലിയ സ്ഫോടന ശബ്ദത്തോടെയാണ് വിമാനം നിലത്തു പതിച്ചത്. വിമാനത്തിന്റെ ഭാഗങ്ങള് അത് നിലം പതിച്ച കൃഷി സ്ഥലം ആകെ പരന്നു കിടക്കുകയാണ് എന്നും ദൃക്സാക്ഷികള് പറയുന്നു.





മഹാരാഷ്ട്രയിലെ ലത്തൂരില് എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള് സമ്മര്ദ്ദം ചെലുത്തിയതിനെ തുടര്ന്ന് വിദ്യാര്ത്ഥികളെ അധികൃതര് പുറത്താക്കാന് ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്ത്തകര്ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന് പ്രത്യേക സ്കൂളുകള് ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്ദ്ദേശം.
വി. എസ്. അച്യുതാനന്ദനെ സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോയില് നിന്നും പുറത്താക്കി. അതേ സമയം, മുഖ്യമന്ത്രി സ്ഥാനത്തും കേന്ദ്ര കമ്മറ്റിയിലും അദ്ദേഹത്തെ തുടരാന് അനുവദിക്കും. പിണറായി വിജയന് എതിരെ അച്ചടക്ക നടപടി ഒന്നും ഉണ്ടായില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള് ചര്ച്ച ചെയ്യാനുള്ള സി. പി. ഐ. (എം) കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ആണിത്. പോളിറ്റ് ബ്യൂറോയുടെ ശുപാര്ശ പ്രകാരം ആണ് ഈ നടപടി ഉണ്ടായത്.
ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്കി എന്ന് സൂചന. ആണവ നിര്വ്യാപന കരാര് ഒപ്പ് വെക്കാത്ത രാജ്യങ്ങള്ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള് എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്വ്യാപന കരാര് ഒപ്പു വെക്കാന് ആവില്ല. ആണവ നിര്വ്യാപന കരാര് ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന് സഹായിക്കുന്ന വ്യവസ്ഥകള് ആണ് ഇന്തോ – അമേരിക്കന് ആണവ കരാറില് ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള് ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര് കരുതുന്നു.
























