രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി അഴിമതിക്ക് എതിരെ പൊരുതുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ ഒരു വേദിയില്‍ അണി നിരത്തി കൊണ്ട് അഴിമതി വിരുദ്ധ സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്തുന്നു. 2009 ആഗസ്റ്റ് 22ന് രാവിലെ 10:30ന് കളമശ്ശേരി മുനിസിപ്പല്‍ ടൌണ്‍ ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലം എന്ന് ചലനമറ്റ അവസ്ഥയിലാണ്. ഓരോ അഞ്ച് വര്‍ഷവും അധികാരം പരസ്പരം വെച്ചു മാറുന്ന രാഷ്ട്രീയ മുന്നണികള്‍ ഈ അവസ്ഥക്ക് പ്രധാന കാരണമാണ്. ഈ രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് വഴി ജനാധിപത്യം തന്നെ ദുര്‍ബലം ആയിരിക്കുന്നു. സാമ്പത്തിക വികസന നയങ്ങളിലടക്കം നിലവിലുള്ള ഇരു മുന്നണികള്‍ക്കും കാര്യമായ വ്യത്യാസമില്ലെന്ന അവസ്ഥയാണുള്ളത്.
ജനങ്ങള്‍ വിവിധ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഘടകം അഴിമതി ആണെന്ന് നമുക്ക് കാണാന്‍ കഴിയും. ഭൂമി കൈയ്യേറ്റങ്ങളും തെറ്റായ വികസന നയങ്ങളും പരിസ്ഥിതി നാശവും മനുഷ്യാ വകാശ ലംഘനങ്ങളും കുടിയൊഴിക്കലും ഗുണ്ടാ മാഫിയയും സ്ത്രീ പീഢനങ്ങളും രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയതയും ഫാസിസവും എല്ലാം അഴിമതിയുമായി ബന്ധപ്പെട്ടാ ണിരിക്കുന്നത്. ഇത്തരം ഓരോ മേഖലകളിലും സമരം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും ഉണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ ഏകോപനം അസാധ്യമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ഇത് ഭരണ കൂടത്തിനും വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കും സഹായകരമാകുന്നു. ഈ അവസ്ഥ അധിക കാലം തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി അപകടകരമാകും എന്ന ധാരണ ശക്തിപ്പെട്ടു വരുന്നുണ്ട്. ഈ സഹചര്യത്തിലാണ് അഴിമതിക്കെതിരായി ഒരു സംസ്ഥാന തല മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് ജില്ല മുതല്‍ താഴെ തലങ്ങളിലേക്കും വ്യാപിപ്പിക്കും.
റിട്ട. ജസ്റ്റിസ് കെ. സുകുമാരന്‍, പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള, പ്രൊഫ. സാറാ ജോസഫ്, പി. സി. ജോര്‍ജ്ജ് എം. എല്‍. എ. ഡോ. ഗീവര്‍ഗീസ് കുറിലോസ് മെത്രാപ്പോലീത്ത, ബി. ആര്‍. പി. ഭാസ്കര്‍, സി. പി. ജോണ്‍, കെ. അജിത, എന്‍. എം. പിയേഴ്‌സണ്‍, എം. എന്‍. കാരശ്ശേരി, പി. സുരേന്ദ്രന്‍, ഡോ. ഗീത, പ്രൊഫ. അരവിന്ദാക്ഷന്‍, ഡോ. ആസാദ്, കെ. ആര്‍. ഉണ്ണിത്താന്‍, കെ. വിജയചന്ദ്രന്‍, പ്രൊഫ. പി. ജെ. ജയിംസ്, കെ. സി. ഉമേഷ് ബാബു, വി. പി. വാസുദേവന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം. വി. ബെന്നി, ജി. ശക്തിധരന്‍, ഐ. വി. ബാബു, എന്‍. പ്രഭാകരന്‍, അഡ്വ. ജയശങ്കര്‍ എന്‍. ശശിധരന്‍, ലീലാ മേനോന്‍, സി. ആര്‍. ഓമനക്കുട്ടന്‍, കെ. പി. സേതുനാഥ്, ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുക്കുന്നു.



ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു.
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.
അന്തിക്കാട്: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ കെ. പി. പ്രഭാകരന്‍ അന്തരിച്ചു. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്നലെ വൈകീട്ട് ഒമ്പതു മണിയോടെ ആയിരുന്നു അന്ത്യം.
























