ഭരണ ഘടനയില് മാറ്റം വരുത്തുവാന് ഉള്ള നടപടികള് പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല് സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില് വോട്ടെടുപ്പ് നടത്താന് മണിക്കൂറുകള് ബാക്കി നില്ക്കെയാണ് തീര്ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില് നിന്നും ഉണ്ടായത്.
ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന് പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന് ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്ക്കകം സെലായയുടെ രാജി കത്ത് കോണ്ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല് പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന് അധികാരത്തില് തന്നെ തുടരും എന്ന് പ്രസ്താവിച്ചു.