ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാന്‍ ഉള്ള ശ്രമത്തില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ ആഞ്ഞടിക്കുന്നു. ജാര്‍ഖണ്ട്, ആന്ധ്ര പ്രദേശ്, ബീഹാര്‍, ഒറീസ്സ, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ അഴിച്ചു വിട്ട ആസൂത്രിതമായ ആക്രമണങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭീതിയില്‍ ആഴ്ത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ ഉള്ള തങ്ങളുടെ ആഹ്വാനം ചെവി കൊള്ളാതിരുന്നാല് കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ഇവരുടെ താക്കീത്. ഇരുന്നൂറ്റി അമ്പതോളം വരുന്ന നക്സലുകള്‍ കഴിഞ്ഞ ദിവസം അഞ്ഞൂറോളം പേര് യാത്ര ചെയ്തിരുന്ന ഒരു പാസഞ്ചര്‍ തീവണ്ടി റാഞ്ച്ചി എടുത്തെങ്കിലും പിന്നീട് ആര്‍ക്കും അപായമില്ലാതെ ഇവരെ വിട്ടയച്ചു. ജയ്പൂര്‍, ഡല്‍ഹി, മുംബായ് എന്നിവിടങ്ങളില്‍ നടന്ന ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന്റെ ഭീഷണിയേക്കാള്‍ ഗുരുതരം ആയിരിക്കുന്നു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി.
1967ല്‍ വെസ്റ്റ് ബംഗാളില്‍ നടന്ന ആദ്യ നക്സല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ 6,000 പേരോളം ഇതിനോടകം കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തുന്നു. 650 പോലീസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് ജീവന് വെടിഞ്ഞു.



മലയാളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഉണ്ണിക്കും ടോംസിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റിന്റെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്കുന്നു. മെയ് 18ന് ബാംഗളൂരില്‍ വെച്ച് നടക്കുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ ദേശീയ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഇവര്‍ക്ക് ഈ ബഹുമതി സമ്മാനിക്കുന്നത്. ഇവരോടൊപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള ശ്രീ കാക്ക്, മഹാരാഷ്ട്രയില്‍ നിന്നും വസന്ത് സാര്‍വതെ, ആന്ധ്രയില്‍ നിന്നും ടി. വെങ്കട്ട റാവു, കര്‍ണ്ണാടകത്തില്‍ നിന്നും ശ്രീ പ്രഭാകര്‍ റാഒബൈല്‍, തമിഴ് നാട്ടില്‍ നിന്നും ശ്രീ മദന്‍ എന്നിവര്‍ക്കും ഈ ബഹുമതി സമ്മാനിക്കും എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി അഭിമാന പുരസ്സരം അറിയിക്കുന്നു.
ചെരിപ്പേറ് രാഷ്ട്രീയം തുടര്‍ കഥയാവുന്നു. ഇത്തവണ ജനത്തിന്റെ ചെരിപ്പേറ് കിട്ടിയത് കുരുക്ഷേത്രം ലോക സഭാ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗമായ നവീന്‍ ജിന്‍ഡാലിനാണ്. തന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് ഇടയിലാണ് ഇദ്ദേഹത്തിനെ ഒരാള്‍ ചെരിപ്പ് കൊണ്ട് എറിഞ്ഞത്. ഇന്ന് രാവിലെ ആണ് സംഭവം നടന്നത്. കുരുക്ഷേത്രത്തിലെ ഒരു റിട്ടയേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് ജിന്‍ഡാലിനു നേരെ തന്റെ ചെരിപ്പ് വലിച്ച് എറിഞ്ഞത്. ഇതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.
ലോക സഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ജനത്തിനു മുന്പില് പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയില്‍ ആക്കി പ്രകടന പത്രികകള്‍ പുറത്തിറക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യം എല്ലാവരും മനഃപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. സ്വന്തം ജീവനും, കുടുംബത്തിന്റെ സുരക്ഷിതത്വവും ചോദ്യ ചിഹ്നമായി മുന്പില് നില്ക്കുന്ന ചിലരെങ്കിലും വഴി ഒന്നും കാണാതെ ആത്മഹത്യ തെരഞ്ഞെടുത്തതും തീവ്രവാദം തൊഴിലായി സ്വീകരിച്ചതും എല്ലാം അടുത്ത കാലത്ത് നാം കണ്ടു. ഇവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം രാമ ക്ഷേത്രമോ രണ്ട് രൂപയുടെ അരിയെന്ന നടക്കാത്ത സ്വപ്നമോ അല്ല. 
























