മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്.
നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം.
സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി.