മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ,പി,ജെ, അബ്ദുള്‍ കലാമിന് 2008ലെ പ്രശസ്തമായ ഹൂവര്‍ പുരസ്കാരം സമ്മാനിക്കും. കലാമിന്റെ സവിശേഷമായ പൊതു പ്രവര്‍ത്തനം കണക്കില്‍ എടുത്താണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുന്നത്. അത്യന്താധുനിക ആരോഗ്യ പരിപാലന സൌകര്യങ്ങളും വൈദ്യ സഹായവും സാധാരണ ജനങ്ങളിലേക്ക് അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ എത്തിച്ചതിനും, ആരോഗ്യ വിദഗ്ദ്ധരേയും സാങ്കേതിക വിദഗ്ദ്ധരേയും വ്യവസായികളേയും ഒരുമിച്ചു കൊണ്ടു വന്ന് ഗ്രാമീണ മേഖലയില്‍ മികച്ച വൈദ്യ സഹായം ലഭ്യമാക്കിയതിനും, പ്രതിരോധ സാങ്കേതിക വിദ്യ ആരോഗ്യ പരിപാലന രംഗത്ത് സമാര്‍ത്ഥമായി ഉപയോഗിച്ചതിനും ഗ്രാമീണ ആശുപത്രികളെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളേയും വിദൂര വൈദ്യ സംവിധാനം വഴി ബന്ധിപ്പിച്ചതിനും ഉള്ള അംഗീകാരമാണ് ഈ പുരസ്കാരം എന്ന് അറിയിപ്പില്‍ പറയുന്നു. മികച്ച ശാസ്ത്രജ്ഞനും, വിദഗ്ദ്ധനായ എഞ്ചിനിയറും, ദീര്‍ഘ ദര്‍ശിയും എന്നതിനു പുറമെ എളിമയുള്ള ഒരു മനുഷ്യ സ്നേഹി കൂടി ആയിരുന്നു കലാം എന്നും പുരസ്കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ 28ന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കും.
അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.



താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഐ. പി. എല്‍. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താതെ വിദേശ രാജ്യത്ത് നടത്തുന്നതല്ല ഇന്ത്യാക്കാര്‍ക്ക് നാണക്കേട് എന്നും 2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളാണ് ലോക ജനതയുടെ മുന്‍പില്‍ ഇന്ത്യക്ക് എന്നെന്നും നാണക്കേട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടത്താനാവാതെ മറ്റൊരു വിദേശ രാജ്യത്ത് വെച്ച് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത് ഇന്ത്യയുടെ ദേശീയ നാണക്കേടാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരം കളിയുടേയും ബിസിനസിന്റേയും ഒരു സമര്‍ത്ഥമായ സങ്കലനം ആണ്. അതില്‍ രാഷ്ട്രീയം കൂടി കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളി മാധ്യമ പ്രവര്‍ത്തക സൌമ്യ വിശ്വനാഥ് കൊലക്കേസിന്റെ ചുരുളഴിഞ്ഞു. ദില്ലിയിലെ നെത്സണ്‍ മണ്ഡേലാ മാര്‍ഗില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴി സൌമ്യ തന്റെ കാറില്‍ വെച്ചു തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. നേരത്തെ സി.എന്‍.എന്‍. ഐ.ബി.എന്‍ ഇല്‍ പ്രവര്‍ത്തിച്ചിരുന്ന സൌമ്യ കൊല്ലപ്പെടുമ്പോള്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈന്‍സ് ടുഡേയില്‍ ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയിരുന്നു. ആദ്യം ഇതൊരു അപകട മരണമാണ് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. വഴി തെറ്റി വന്ന ഒരു ബുള്ളറ്റ് കോണ്ടതാവും എന്നും പോലീസ് കരുതിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയില്‍ സൌമ്യയുടെ തലമുടിയും ശിരോചര്‍മവും പുറകിലത്തെ സീറ്റില്‍ കാണപ്പെട്ടു. അതോടെ ഇത് ഒരു കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. സൌമ്യയുടെ അച്ചന്‍ എം. കെ. വിശ്വനാഥനും ഇതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
























