മുംബൈ ഭീകരരുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച മേജര് സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രം കൃതജ്ഞതാ പൂര്വ്വം ആദരാഞ്ജലികള് അര്പ്പിച്ചു. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി, രാഷ്ട്രപതി പ്രതിഭാ പാട്ടീല്, ഭീകരരുടെ വെടി ഏറ്റ് കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനയില് മേജര് ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്, ധീരതക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതി ആയ അശോക ചക്രം സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള ജനാവലി വന് കയ്യടിയോടെ ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
മുംബൈ ഭീകര ആക്രമണത്തിനിടെ കമാന്ഡോകള്ക്ക് നേതൃത്വം നല്കിയ സന്ദീപ് 14 പേരെ അന്ന് ഭീകരരുടെ കൈയ്യില് നിന്നും രക്ഷിച്ചു. ഇതിനിടയില് തന്റെ സംഘത്തിലെ ഒരു കമാന്ഡോവിന് ഭീകരരുടെ വെടിയേറ്റു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സന്ദീപിന് ഭീകരരുടെ വെടിയേറ്റത്. തന്റെ അവസാന ശ്വാസം വരെ സന്ദീപ് ഭീകരരോട് പൊരുതുകയും ചെയ്തു.