ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എല്ലാ പാക്കിസ്ഥാനി പൗരന്മാര്ക്കും ഇന്ത്യക്കെതിരെ ജിഹാദ് ബാധകമാക്കിയിരിക്കുന്നു എന്ന് പാക്കിസ്ഥാനിലെ മത നേതാക്കള്‍ ഫത്വ ഇറക്കി. ലാഹോറില്‍ തിങ്കളാഴ്ച നടന്ന മത നേതാക്കളുടെ സമ്മേളനത്തില്‍ ആണ് ഈ ഫത്വ പുറപ്പെടുവിച്ചത്. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കുവാന്‍ ഇടയായാല്‍ ഉണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി കേന്ദ്ര മന്ത്രി നൂറുള്‍ ഹഖ് ഖദ്രിയുടെ അധ്യക്ഷതയില്‍ ആണ് പ്രസ്തുത യോഗം നടന്നത്. പാക്കിസ്ഥാനെ കുറ്റവാളിയായി ചിത്രീകരിക്കുവാന്‍ ഇന്ത്യ നടത്തുന്ന ഗൂഢാലോചന ലോകത്തിനു മുന്പില് തുറന്നു കാട്ടണം എന്നും സമ്മേളനത്തില്‍ മത നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ പാക്കിസ്ഥാന് മുട്ട് മടക്കരുത്. പാക്കിസ്ഥാന് ആണവ ശക്തി സംഭരിച്ചത് ഇത്തരം വിദേശ ആക്രമണത്തെ ചെറുക്കുവാന്‍ വേണ്ടി മാത്രമാണ്. മത നേതാക്കള്‍ക്ക് പുറമെ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.
മുംബൈ ആക്രമണം ഈ പ്രദേശത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി അമേരിക്കയും ഇന്ത്യയും ചേര്‍ന്നു നടത്തിയ നാടകമാണ് എന്ന് ജമാ അത്തെ ഇസ്ലാമി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ കനത്ത നഷ്ടം നേരിടേണ്ടി വരും എന്ന് പ്രമേയം മുന്നറിയിപ്പ് നല്കുന്നു. കൂടാതെ പ്രദേശത്ത് ആണവ ആയുധങ്ങള്‍ ഉപയോഗിക്കുവാന്‍ ഇന്ത്യ കാരണക്കാരാവുകയും ചെയ്യും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധവും ഹീനവുമായ തന്ത്രങ്ങള്‍ പ്രയോഗിച്ച് ഹിന്ദു മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ അടിപ്പിക്കുകയും മത വൈരം ആളി കത്തിക്കുകയും ചെയ്യുകയാണ് എന്നും പ്രമേയം കുറ്റപ്പെടുത്തി.