അര നൂറ്റാണ്ടിലധികമായി കേരള സാംസ്കാരിക രംഗത്ത് നിറഞ്ഞ ധൈഷണിക സാന്നിധ്യമായിരുന്നു അഴീക്കോട് മാഷ്. പ്രഭാഷണങ്ങളിലൂടെ മലയാള മനസുകളില്‍ ഇടം നേടിയ മാഷിനെ സാഹിത്യ വിമർശകനും വാഗ്മിയും വിദ്യാഭ്യാസ ചിന്തകനുമായാണ് ഇനി നാം ഓര്‍ക്കുക. തത്ത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനശ്വരമാകാന്‍. ഭാരതീയ ദർശനത്തിലെ പ്രഖ്യാത രചനകളായ ഉപനിഷത്തുകളിലൂടെയുള്ള ഒരു തീർത്ഥ യാത്രയായിരുന്നു ആ തത്ത്വമസി.
ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാല്പനിക കവിതയുടെ ഭാവുകത്വം നിലപാടുതറയായി എഴുത്ത് തുടങ്ങിയ നിരൂപകനായിരുന്നു അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡ കാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്ര പഠനമാണ്. കാവ്യ രചനയുടെ പിന്നിലെ ദാർശനികവും സൌന്ദര്യ ശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യ ശാസ്ത്ര സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഈ നിരൂപണ ഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്ര നിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്. നിരൂപകന്റെ പാണ്ഡിത്യവും സഹൃദയത്വവും സമഞ്ജസമായി മേളിക്കുന്നത് ഊ പുസ്തകത്തിൽ കാണാം. അഴീക്കോടിന്റെ ഏറ്റവും പ്രശസ്തമായ രചനയും ഇതു തന്നെ.
സാഹിത്യം, തത്ത്വചിന്ത, സാമൂഹിക ജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി. അതിനാല്‍ കേരളീയർ അഴീക്കോടിനെ ഒരു പക്ഷേ ഓർക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും. എന്നാല്‍ ആ ശബ്ദം ഇനി കേള്‍ക്കാന്‍ നമുക്കാവില്ല. ആ ശബ്ദം എന്നേക്കുമായി നിലച്ചു. കേരളക്കരയില്‍ അങ്ങോളമിങ്ങോളം ഓടി നടന്നു വിവിധ വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ പല വിമര്‍ശനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു മാഷിന്. അതു പോലെ എതിരാളികൾ അവസര വാദത്തിന്റെ അപ്പസ്തോലനായും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ആ സാഗരം ഗര്‍ജ്ജനം നിലച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാമൂഹ്യ പ്രവര്‍ത്തനം, സാഹിത്യം