ഉത്സവകേരളത്തിന്റെ തികക്കുറിയായ തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ഗജരാജന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പൊന്‍കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടെ. കേരളത്തിലെ പൂരങ്ങളുടെ ചരിത്രത്തില്‍ ഒരു ഉത്സവ എഴുന്നള്ളിപ്പിന് ഏറ്റവും കൂടുതല്‍ ഏക്കത്തുകയായ 2,55,000 (രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം) ഈ ആന സ്വന്തമാക്കി . 2,11,111.11 എന്ന ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്റെ റെക്കോര്‍ഡിനെ ആണ് രാമന്‍ അട്ടിമറിച്ചിരിക്കുന്നത്. പേരു കേട്ട ഉത്സവങ്ങള്‍ പലതുമുണ്ടെങ്കിലും തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ് രാമചന്ദ്രനെ പുതിയ റിക്കോര്‍ഡിന് അര്‍ഹനാക്കിയത്. വാശിയേറിയ ലേലത്തില്‍ ഇളയാല്‍ ഉത്സവക്കമ്മറ്റിയാണ് റെക്കോര്‍ഡ് തുക നല്‍കി തങ്ങളുടേ തിടമ്പേറ്റുവാന്‍ സ്വന്തമാക്കിയത്.
തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ സ്വന്തമാണ് തലയെടുപ്പുകൊണ്ടും ഉടലഴകുകൊണ്ടും കാണികളുടേയും ആരാധകരുടേയും മാനസപുത്രന്‍. കാല്‍കുത്തിയ മണ്ണിലെല്ലം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ള രാമചന്ദ്രന്‍ വര്‍ഷങ്ങളായി മത്സരപ്പൂരങ്ങളിലെ പ്രധാനിയാണ്. ഉത്സവ കാലത്ത് രാമനെ ലഭിക്കുവാന്‍ വലിയ ഡിമാന്റാണ്. മിക്കവാറും ദിവസങ്ങളില്‍ ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ തെച്ചിക്കോട്ട് കാവ് ദേവസ്വം ഓഫീസില്‍ ലേലം നടക്കും. ലേലത്തുകയുടെ നിശ്ചിത ഭാഗം അന്നുതന്നെ കെട്ടിവെക്കുകയും വേണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ദിവസത്തെ ഏക്കത്തിന് ഒരു ലക്ഷം രൂപയൊക്കെ പലതവണ മറികടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രണ്ടുലക്ഷം മറികടക്കുന്നത്. കാര്‍ത്തിക നാളില്‍ നിരവധി ഉത്സവങ്ങള്‍ ഉള്ളതിനാല്‍ വാശിയേറിയ ലേലമാണ് നടന്നത്. അന്തിക്കാട് പുത്തന്‍ പള്ളിക്കാവ്, മാമ്പുള്ളീക്കാവ്,വിയ്യൂര്‍, കൂടാതെ തൃശ്ശൂരിലെ ഒരു ആന ഏജന്റുമാണ് പ്രധാനമായും ലേലത്തില്‍ പങ്കെടുത്തത്. തുക ഒന്നര ലക്ഷം കടന്നതൊടെ പലരും പിന്‍വാങ്ങി. എന്നാല്‍ ഇളയാല്‍ ഉത്സവകമ്മറ്റി രാമനെ സ്വന്തമാക്കിയേ മടങ്ങൂ എന്ന വാശിയിലായിരുന്നു. അവര്‍ സ്വന്തമാക്കുകയും ചെയ്തു.
ജനുവരി 21 തിങ്കളാഴ്ച ഇളയാല്‍ ഉത്സവക്കമ്മറ്റി അതി ഗംഭീരമായ വരവേല്പായിരുന്നു രാമന് ഏങ്ങണ്ടിയൂരില്‍ നല്‍കിയത്. പാപ്പാന്‍ മണിയേയും അവര്‍ ആദരിച്ചു. തുടര്‍ന്ന് ഏറ്റവും മികച്ച ചമയങ്ങള്‍ അണിയിച്ച് മേളവാദ്യങ്ങളുടെ അകമ്പടിയോടെ ഉത്സവപ്പറമ്പിലേക്ക് ആനയിച്ചു.തുടര്‍ന്ന് നടന്ന ഗംഭീരമായ കൂട്ടി എഴുന്നള്ളിപ്പില്‍ ചിറക്കല്‍ കാളിദാസന്‍ വലം കൂട്ടും, എന്‍.എഫ്.എയുടെ കുട്ടന്‍ കുളങ്ങര അര്‍ജ്ജുനന്‍ ഇടം കൂട്ടും , പാറമേക്കാവ് പത്മനാഭന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ ആനകള്‍ പങ്കെടുത്തു. ആനക്കേരളത്തിന്റെ മെഗാസ്റ്റാറിനെ കാണുവാന്‍ അക്ഷരാര്‍ഥത്തില്‍ ഏങ്ങണ്ടിയൂരിലേക്ക് ജനം ഒഴുകുകയായിരുന്നു. രാഷ്ടീയത്തില്‍ വി.എസ് അച്ച്യുതാനന്ദന്‍ എന്നപോലെ ആനകള്‍ക്കിടയില്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ രാമനെ കഴിഞ്ഞേ ഇന്ന് മറ്റാരും ഉള്ളൂ.
1984-ല്‍ ആണ് ബീഹാറിയായ ഈ ആനയെ തൃശ്ശൂരിലെ ഒരു ആന ഏജന്റിന്റെ പക്കല്‍ നിന്നും വാങ്ങിയത്. അല്പം വികൃതിയായിരുന്ന ഇവനെ ചെറിയ ഒരു തുകയ്ക്കായിരുന്നു അന്ന് കച്ചവടമാക്കിയത്. ഇന്നിപ്പോള്‍ എത്രകുറച്ചാലും ഒരു ദിവസത്തെ ഏക്കത്തുക ചിലപ്പോള്‍ അന്നത്തെ ഇവന്റെ വിലയെക്കാല്‍ ഉയര്‍ന്നു നില്‍ക്കും. വ്യാഴവട്ടക്കാലം മുമ്പ് യൌവ്വനത്തിളപ്പില്‍ വികൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ കുറച്ചുകാലം കെട്ടും തറിയില്‍ നില്‍ക്കേണ്ടി വന്നു.അന്ന് സാമ്പത്തികമായും അല്ലാതെയും ഏറെ നഷ്ടം വരുത്തിവച്ചു എങ്കിലും ആനയെ കൈവിടുവാന്‍ ദേവസ്വം അധികാരികളും പേരാമംഗലം ദേശവാസികളും തയ്യാറായില്ല. സൂര്യനു ഗ്രണകാലം പോലെ അവനു ഒരു ഗ്രഹണം എന്നേ അവര്‍ പറഞ്ഞുള്ളൂ. ഒടുവില്‍ വനവാസക്കാലം കഴിഞ്ഞ് മണിയെന്ന പാപ്പാന്റെ പാപ്പാന്റെ പരിചരണത്തില്‍ പുറത്തേക്കിറങ്ങിയപ്പോളേക്കും ആന വളര്‍ന്നിരുന്നു. പഴയകാല വിക്രിയകള്‍ ഇവനു ചില പേരുദോഷങ്ങള്‍ വരുത്തിവച്ചിരുന്നു എങ്കിലും അതെല്ലാം ക്രമേണ മാറുകയും ആരാധകരുടെയും ആവശ്യക്കാരുടേയും എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണുവാനായത്. ഇന്നിപ്പോള്‍ പകരംവെക്കുവാനില്ലാത്ത പ്രതാപവുമയി തലയെടുപ്പോടെ വിരാജിക്കുന്നു. പഴയകാല കഷ്ടനഷ്ടങ്ങള്‍ക്ക് പ്രായശ്ചിത്തമെന്നോണം പേരും പെരുമയും ഒപ്പം ലക്ഷങ്ങളുമാണ് ഈ ഗജോത്തമന്‍ പേരാമംഗലം തെച്ചിക്കോട്ട്കാവിനു നേടിക്കൊടുക്കുന്നത്. ഇവന്റെ വരുമാനത്തില്‍ നിന്നും ദേവസ്വം സ്വന്തമായി ദേവീദാസന്‍ എന്ന ഒരാനയെ വാങ്ങുകയും ചെയ്തു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം