തൃശ്ശൂര്‍:പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ലിസ്റ്റിട്ടപ്പോള്‍ ചില ആനകളുടെ അസാന്നിധ്യം ശ്രദ്ദിക്കപ്പെട്ടു. കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്ന പലരും പല വിധ കാരണങ്ങളാല്‍ തൃശ്ശൂര്‍ പൂരത്തിനില്ല. അതില്‍ ആദ്യ പേരുകാരന്‍ നാട്ടാനചന്തത്തിന്റെ അവസാനവാക്കെന്ന് അറിയപ്പെടുന്ന പാമ്പാടി രാജന്‍ തന്നെ. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് അയ്യപ്പന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, തൃക്കടവൂര്‍ ശിവരാജു,ചിറക്കല്‍ കാളിദാസന്‍, ഗുരുവായൂര്‍ വലിയ കേശവന്‍ തുടങ്ങിയ ആനകളും പൂരത്തിനില്ല. ആനക്കേരളത്തിന്റെ ചക്രവര്‍ത്തിയായി അറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരിക്കല്‍ മാത്രമേ തൃശ്ശൂര്‍ പൂരത്തിനു പങ്കെടുക്കുവാന്‍ ആയിട്ടുള്ളൂ. ഏതുത്സവപ്പറമ്പിലും ആവേശം വിതറുന്ന രാമനു പക്ഷെ വടക്കുംനാഥന്റെ മണ്ണില്‍ ഇടം കിട്ടാറില്ല. പെരുമ്പാവൂരിലെ അപകടത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് കോടതി വിലക്ക് വന്ന രാമചന്ദ്രനാകട്ടെ ഇപ്പോള്‍ പേരാമംഗത്തെ ആനത്തറിയില്‍ നില്‍ക്കുകയാണ്. തായങ്കാവ് മണികണ്ഠനും ബാസ്റ്റ്യന്‍ വിനയശങ്കറും പങ്കെടുക്കാത്ത പ്രമുഖരില്‍ പെടുന്നു.
പാമ്പാടി രാജന്റെ അസാന്നിധ്യം ആനപ്രേമികളില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുത്ത രാജന്‍ ശരിക്കും നിറഞ്ഞു നിന്നു. ശിവസുന്ദറും പാമ്പാടി രാജനും മുഖാമുഖം നിന്നപ്പോള്‍ ആനപ്രേമികള്‍ക്ക് അത് മറക്കാനാകാത്ത ഒരു അനുഭവമായി മാറി. തൃക്കടവൂര്‍ ശിവരാജു ഒറ്റത്തവണയേ വടക്കംനാഥന്റെ മണ്ണില്‍ കാലുകുത്തിയിട്ടുള്ളൂ എങ്കിലും അവന്‍ തൃശ്ശൂരിന്റെ മനം കവര്‍ന്നു. മംഗലാംകുന്ന് അയ്യപ്പനും,ഗണപതിക്കും ആരാധകര്‍ ഏറെയാണ്.
പൂരം മുതല്‍ പൂരം വരെ വര്‍ഷം കണക്കാക്കുന്ന ആനപ്രാന്തന്മാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വടക്കം നാഥന്‍ തട്ടകത്തില്‍ നേരത്തെ കൂട്ടി എത്തിത്തുടങ്ങി. പലരും നേരത്തെ പരിചിതര്‍. ആനകളെ കണ്ടും പാപ്പാന്മാരുമായി ആനവിശേഷങ്ങള്‍ പങ്കിട്ടും മൊബൈല്‍ ഫോണിലും ക്യാമറയിലും ദൃശ്യങ്ങള്‍ പകര്‍ത്തിയും അവര്‍ വടക്കംനാഥന്റെ പ്രതക്ഷിണവഴിയിലും ആനപ്പറമ്പുകളിലും ചുറ്റിക്കറങ്ങുകയാണ്. ഇടയ്ക്ക് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആനവിശേഷങ്ങള്‍ പങ്കുവെക്കുവാനും അവര്‍ സമയം കണ്ടെത്തുന്നു. പൂരം കാണാന്‍ എത്തുന്ന സായ്പന്മാര്‍ക്ക് ആനകളെ പറ്റി വിശദീകരിച്ചു കൊടുക്കാനും ഇവര്‍ മറക്കുന്നില്ല. ഇനി പൂരം കഴിഞ്ഞു ആനകള്‍ പോയിട്ടേ പലരും തിരിച്ചു പോകുകയുള്ളൂ.
വിവരങ്ങള്‍ക്ക് കടപ്പാട്: ശിവകുമാര്‍ പോലിയത്ത്, ദുബായ് ആനപ്രേമി സംഘം പ്രസിഡണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, ഉത്സവം