കൊച്ചി : വി.ബി. ഉണ്ണിത്താന്‍ വധ ശ്രമക്കേസില്‍ ക്രൈംബ്രാഞ്ച് ഡി. വൈ. എസ്. പി. അബ്ദുള്‍ റഷീദിനെ സി. ബി. ഐ. അറസ്റ്റ് ചെയ്തു. ഈ കേസ് അന്വേഷിക്കുന്ന സി. ബി. ഐ. യുടെ ആദ്യ അറസ്റ്റ് ആണിത്. കേരള പൊലീസ് സര്‍വീസ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായ റഷീദ് ഇപ്പോള്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയാണ്. ഇയാളെ പോലിസ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയതായി പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വധശ്രമം നടന്ന് ഒരു വര്‍ഷം തികഞ്ഞ അതേ ദിവസമാണ് അറസ്റ്റ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി ജയകുമാര്‍. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ റഷീദിനെ സി. ബി. ഐയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
2011 ഏപ്രില്‍ 16നു രാത്രി 9.30ഓടെയാണ് മാതൃഭൂമി കൊല്ലം ജില്ലാ ലേഖകനായിരുന്ന ഉണ്ണിത്താനെ ശാസ്താംകോട്ട ജംക്ഷനില്‍ വച്ച് അക്രമികള്‍ വധിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കേസ്. ഗുരുതരമായി പരുക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസം ചികിത്സയിലായിരുന്നു.
കേസിലെ പ്രധാന ഗൂഢാലോചനയിലെല്ലാം റഷീദും പങ്കാളിയായിരുന്നുവെന്ന് സിബിഐയുടെ അഭിഭാഷക ബോധിപ്പിച്ചു. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡി. വൈ. എസ്. പി. സന്തോഷ് നായരും ഗൂണ്ട കണ്ടെയ്നര്‍ സന്തോഷും അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി കണ്ടെയ്നര്‍ സന്തോഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. പ്രതിപ്പട്ടികയില്‍ റഷീദ് എട്ടാം സ്ഥാനത്താണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, പോലീസ് അതിക്രമം, വിവാദം