കൊച്ചി: പറവൂർ പീഡന കേസിലെ ഇരയായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം മഫ്റ്റിയിൽ മതി എന്ന് കോടതി ഉത്തരവിട്ടു. പെൺകുട്ടി സമർപ്പിച്ച അപേക്ഷയിൽ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. തന്നോടൊപ്പം നിരന്തരം മൂന്ന് പോലീസുകാർ യൂനിഫോം ധരിച്ച് അനുഗമിക്കുന്നത് താൻ പീഡന കേസിലെ ഇരയാണെന്നത് പൊതു സ്ഥലങ്ങളിൽ തനിക്ക് ബുദ്ധിമുട്ട് ഉളവാക്കുന്നു എന്ന് പെൺകുട്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. തനിക്ക് ജീവിക്കാനായി സർക്കാർ ജോലി തന്നെങ്കിലും ജോലി സ്ഥലത്ത് തന്റെ അടുത്ത് സദാ സമയവും യൂനിഫോം ധരിച്ച പോലീസുകാർ കാവൽ നിൽക്കുന്നത് തന്റെ സ്വകാര്യതയ്ക്കും ഭീഷണി ആവുന്നു എന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയെ അനുഗമിക്കുന്ന പോലീസുകാർ മഫ്റ്റിയിൽ ആയിരിക്കണം എന്നും ഒരു വനിതാ പോലീസും ഒരു പുരുഷ പോലീസും മാത്രം മതി പെണ്കുട്ടിയുടെ സംരക്ഷണത്തിന് എന്നും കോടതി ഉത്തരവായി.
- ജെ.എസ്.