തൃശ്ശൂര്‍: ആനകളെ പീഢിപ്പിക്കുകയും വേണ്ട വിധം പരിചരിക്കാതിരിക്കുകയും ചെയ്യുന്ന ആനയുടമകള്‍ക്ക് ഒരു പാഠമാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള സുന്ദര്‍ എന്ന ആനയുടെ അനുഭവം. കോലാപ്പൂരിലെ ഒരു ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ പേരില്‍ ഉള്ള ആനയായിരുന്നു സുന്ദര്‍. ഈ ആനയെ പാപ്പാന്‍ നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നുവത്രെ. പ്രബലനായ വ്യക്തികളുടെ സംരക്ഷണം ഉള്ളതിനാല്‍ നാട്ടുകാര്‍ അതില്‍ ഇടപെടുവാന്‍ തയ്യാറായില്ല. എന്നാല്‍ ആരോ ഈ പീഢന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് യൂറ്റൂബില്‍ ഇട്ടു. വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ എത്തി. പോള്‍ മെക്കാര്‍ട്ടിണീ, പമേലേ ആന്റേഴ്സണ്‍, സെലീന ജെയ്‌റ്റ്ലി, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത് തുടങ്ങിയ പ്രമുഖരും സുന്ദറിന്റെ മോചനത്തിനായി രംഗത്തെത്തി. ഇതോടെ അമേരിക്കയിലെ പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമത്സ്) എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. അവര്‍ തങ്ങളുടെ മുംബയിലെ ശാഖയോട് വിഷയത്തില്‍ ഇടപെടുവാന്‍ ആവശ്യപ്പെട്ടതോടെ കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിച്ചു. സംഘടന മുംബൈ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തെ പറ്റി പഠിക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതു പ്രകാരം മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറും പ്രമുഖ ആന ചികിത്സകനുമായ ഡോ. ടി. എസ്. രാജീവും കോന്നിയിലെ ഡോ. ശശീന്ദ്രദേവും ആനയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി.
ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും മറ്റ അനുബന്ധ സാഹചര്യവും പരിശോധിച്ച കോടതി ആനയെ പുനരധിവസിപ്പിക്കുവാന്‍ ഉത്തരവിട്ടു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവിനെ ശരി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ കര്‍ണ്ണാടകത്തിലെ ബന്നാര്‍ഘട്ടെ ബയോളജിക്കല്‍ സൂവിലേക്ക് മാറ്റുവാന്‍ തീരുമാനമായി. എന്നാല്‍ ആനയെ അവിടെ നിന്നും കൊണ്ടു വരുന്നതിനുള്ള തടസ്സങ്ങള്‍ നിരവധിയായിരുന്നു. ക്ഷേത്രത്തിന്റെ വകയായ ആനയെ മാറ്റുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പും ശക്തമായി. മഹാരാഷ്ട്രയിലെ വനം വകുപ്പ് വീണ്ടും മലയാളികളുടെ സഹായം തേടി.
ഡോ. രാജീവിന്റെയും ഡോ. ശശീന്ദ്രദേവിന്റേയും നേതൃത്വത്തില്‍ ഒരു മികച്ച എലിഫെന്റ് സ്ക്വാഡ് മഹാരാഷ്ട്രയിലെത്തി. ഭീഷണികളെ അതിജീവിച്ച് അവര്‍ ആനയെ കര്‍ണ്ണാടകയിലെ ബന്നാര്‍ഘട്ട സൂവില്‍ എത്തിച്ചു. ചങ്ങലകളുടെ വിലക്കുകളില്ലാതെ സ്വന്ത്രമായി മറ്റാനകള്‍ക്കൊപ്പം ഇനി സുന്ദറിനും സ്വതന്ത്ര ജീവിതം നയിക്കാം.
ഈ സംഭവം കേരളത്തിലെ ആനയുടമകള്‍ക്ക് ഒരു മുന്നറിയിപ്പാണെന്നാണ് പ്രമുഖരായ ആന പ്രേമികള്‍ പറയുന്നത്. ഭക്ഷണവും വിശ്രമവുമില്ലാതെ ആനകളെ കോണ്ട് രാവും പകലും ജോലി ചെയ്യിക്കുന്നതിന്റെ ഫലമായി ഗുരുതരമായ ആരോഗ്യ – മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ആനകള്‍ കേരളത്തില്‍ നിരവധിയുണ്ട്. കൊടും പീഢനം സഹിക്ക വയ്യാതെ നിരന്തരമായി ഇടഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ചില ആനകള്‍. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ഉത്സവപ്പറമ്പുകളില്‍ എത്തുന്ന ആനകളും നിരവധിയാണ്. പെറ്റ പോലെയുള്ള സംഘടനകള്‍ സജീവമായി ഇടപെട്ടാല്‍ ഇന്ന് വര്‍ഷത്തില്‍ ലക്ഷങ്ങള്‍ വരുമാനം നേടിത്തരുന്ന ഒരു കോടിക്കു മുകളില്‍ വിലമതിക്കുന്ന നാട്ടാനകളില്‍ പലതും ഏതെങ്കിലും റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ സ്വതന്ത്ര വിഹാരത്തിനായി പോകുന്നത് അതിവിദൂരമായിരിക്കില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, എതിര്‍പ്പുകള്‍, കോടതി, പരിസ്ഥിതി, പീഡനം, വിവാദം