കോട്ടയം: മുതിർന്ന കോണ്‍ഗ്രസ്സ് നേതാവും മുൻ ഇടുക്കി എം. പി. യുമായ പി. ടി. തോമസ് മോഡിക്ക് പിന്തുണ അറിയിച്ചു. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വെള്ളം ചേർക്കാതെ നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറായാൽ തീർച്ചയായും പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സി. എസ്. ഐ. മദ്ധ്യ കേരള ഇടവകയുടെ ആദ്യ പരിസ്ഥിതി അവാർഡ് സി. എസ്. ഐ. ബിഷപ്പ് തോമസ് കെ. ഉമ്മനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പി. ടി. തോമസ്. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയിൽ നിന്ന് പി. ടി. തോമസ് പ്രശംസാപത്രം ഏറ്റുവാങ്ങി.
സി. എസ്. ഐ. സഭയും ഗാഡ്ഗിൽ റിപ്പോർട്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന കയ്പേറിയ അനുഭവം ഉള്ളിൽ വെച്ചു കൊണ്ട് വികാരാധീനനായാണ് പി. ടി. തോമസ് സംസാരിച്ചത്. “അൽപ്പം മുറിവേറ്റു, രക്തമൊലിപ്പിക്കേണ്ടി വന്നു. വീണതു മുള്ളിനു പുറത്താണെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും കാണാത്തവർ വരെ നൽകിയ പിന്തുണയിൽ അഭിമാനമുണ്ട്.” സ്വന്തം സഭയായ കത്തോലിക്കാ സഭ അധിക്ഷേപിച്ചും കല്ലെറിഞ്ഞും ക്രൂശിച്ചപ്പോൾ സി. എസ്. ഐ. സഭ താങ്ങായി നിന്നതിൽ അദ്ദേഹം നന്ദി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നല്ലെങ്കിൽ നാളെ ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണയ്ക്കേണ്ടി വരും. പരിസ്ഥിതി സംരക്ഷണം മുഖ്യ രാഷ്ട്രീയ അജൻഡയാക്കാതെ മുന്നോട്ടു പോവാനാവില്ല എന്നും, ആരെങ്കിലും കണ്ണുരുട്ടിയാൽ, ജാതി കാർഡിറക്കിയാൽ അവർക്കൊപ്പം നിന്നാൽ നാളെ വായുവിനും വെള്ളത്തിനും വേണ്ടി ആരും ഉണ്ടാകാത്ത അവസ്ഥ വരും. മരങ്ങളെ നശിപ്പിക്കാനും കോടാലി വയ്ക്കാനുമുള്ള അവകാശിയാണ് മനുഷ്യനെന്നു ചിന്തിക്കുന്ന ഇടുക്കി, താമരശേരിക്കാരെ തമസ്കരിക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന കാലമുണ്ടാകും. അദ്ദേഹം കൂട്ടിച്ചേർത്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, മതം