ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുവാനുള്ള തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്തുന്നത് തടഞ്ഞ് കൊണ്ട് കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നും സുപ്രീം കോടതി വിധിച്ചു.
കോടതി നിയമിച്ച വിദഗ്ദ്ധ സംഘം അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടെത്തിയതായി കോടതി അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ച 2006ലെ കോടതി വിധിക്ക് വിരുദ്ധമായി യാതൊന്നും പിന്നീട് നടത്തിയ അന്വേഷണത്തിലോ, ശാസ്ത്രീയ പരിശോധനകളിലോ, പഠനങ്ങളിലോ കണ്ടെത്താനായിട്ടില്ല എന്നും കോടതി ഓർമ്മിപ്പിച്ചു.
ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് എന്നത് ജനോപകാരപ്രദമായ ഒരു പരിഹാരം അസാദ്ധ്യമാക്കുന്നതായ് കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം തമിഴ്നാടിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആവില്ല എന്ന് കോടതി പറഞ്ഞു. എന്നാൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിൽ എത്തിയാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം എന്നും ബുധനാഴ്ച്ച പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി അറിയിച്ചു.
എന്നാൽ കേരളത്തിന്റെ ആശങ്കകൾ ദൂരീകരിക്കുവാൻ ഒരു മൂന്നംഗ സമിതിയെ കോടതി നിയോഗിക്കും. തമിഴ്നാടിന്റേയും കേരളത്തിന്റേയും പ്രതിനിധികൾക്ക് പുറമെ കേന്ദ്ര ജല കമ്മിഷന്റെ പ്രതിനിധിയും ഈ സമിതിയിൽ ഉണ്ടാവും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുന്ന പ്രക്രിയ കേന്ദ്ര ജല കമ്മിഷൻ പ്രതിനിധി അദ്ധ്യക്ഷനായുള്ള ഈ സമിതിയുടെ പൂർണ്ണമായ മേൽനോട്ടത്തിലാവും നടത്തുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, എതിര്‍പ്പുകള്‍, കോടതി, പരിസ്ഥിതി, പ്രതിരോധം, മനുഷ്യാവകാശം, വിവാദം