ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്. ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ മദ്രാസ് ഐഐടിയിലെത്തി കുടുംബാംഗങ്ങള്‍ അന്വേഷിച്ചറിഞ്ഞ വിവരങ്ങളാണ് ലത്തീഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നു. ഫാത്തിമ ഒന്നും അലക്ഷ്യമായി വയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.
സംഭവ ദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. എന്തെല്ലാം നടന്നുവെന്ന് അവള്‍ കൃത്യമായി പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മരണം, മാധ്യമങ്ങള്‍, വിദ്യാഭ്യാസം, വിദ്യാര്‍ഥിനി