കോട്ടയം: കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മായാവിയുടെ സൃഷ്ടാവ് എന്‍.എം.മോഹന്‍ (63) അന്തരിച്ചു. ബാലരമയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജായിരുന്ന മോഹനാണ് മായാവിയേയും രാജു,രാധ, ലുട്ടാപ്പി,കുട്ടൂസന്‍,ഡാക്കിനി,വിക്രമന്‍, മുത്തു തുടങ്ങിയ സഹകഥാപാത്രങ്ങളേയും തന്റെ ഭാവനയില്‍ നിന്നും സൃഷ്ടിച്ചത്. കുട്ടികള്‍ക്കിടയില്‍ ഇവര്‍ വളരെ പെട്ടന്ന് പ്രശസ്തരായി. നീണ്ട വര്‍ഷങ്ങള്‍ പിന്നിടുമ്പോളും ഈ കഥാപാത്രങ്ങള്‍ നിരവധി തലമുറയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എന്നതോടൊപ്പം നല്ലൊരു കലാകാരന്‍ കൂടെ ആയിരുന്നു മോഹന്‍. ചിത്രം വരയിലും കളിമണ്ണിലും മരത്തിലും ശില്പങ്ങള്‍ തീര്‍ക്കുന്നതിലും അദ്ദേഹത്തിനു പ്രാവീണ്യം ഉണ്ടായിരുന്നു. പുതിയ ആശയങ്ങളെ തേടുന്ന മനസ്സ് മരണം വരേയും അദ്ദേഹം കാത്തു സൂക്ഷിച്ചു.
പാലാ അരുണാപുരം മുണ്ടയ്ക്കല്‍ കുടുമ്പാംഗമാണ് മോഹന്‍. പ്രമുഖ വ്യവസായിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രമുഖനായ നേതാവുമായിരുന്ന പരേതനായ ഭാസ്കരന്‍ നായരാണ് പിതാവ്. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകള്‍ ലതയാണ് ഭാര്യ. ജേര്‍ണലിസ്റ്റുമാരായ ബാലു മോഹന്‍, ഗോപു മോഹന്‍ എന്നിവര്‍ മക്കളാണ്. ജന്‍പ്രീത്, ആനി എന്നിവര്‍ മരുമക്കളും. ശവശരീരം ഇന്ന് രാവിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് പാലായിലെ സ്വ വസതിയില്‍വച്ച് നടക്കും
പാലാ സെന്റ് തോമസ് കോളേജിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ മോഹന്‍ ചിത്രകാര്‍ത്തിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആണ് പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് പൂമ്പാറ്റയുടെ പത്രാധിപരായി. 1983-ല്‍ ബാലരമയിലെത്തി. ബാലരമ ഡജസ്റ്റ്, അമര്‍ ചിത്രക്ഥ, മാജിക് പോട്ട്, കളിക്കുടുക്ക, ടെല്‍മി വൈ തുടങ്ങി ബാലരമയുടെ കുട്ടികള്‍ക്കായുള്ള മറ്റു പ്രസിദ്ധീകരണങ്ങളുടേയും ചുമതല വഹിച്ചു. കഴിഞ്ഞ ജൂണിലാണ് ബാലരമയില്‍ നിന്നും വിരമിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, മാധ്യമങ്ങള്‍, സാഹിത്യം