ലണ്ടൻ : യോഗ ഒരു ഹിന്ദു മത അനുഷ്ഠാനമാണ് എന്ന കാരണം പറഞ്ഞ് ലണ്ടനിലെ ഒരു പള്ളിയുടെ ഹാളിൽ നിന്നും യോഗാ ക്ലാസ് എടുക്കുന്നത് പള്ളിയിലെ വികാരിയച്ഛൻ വിലക്കി. പള്ളിയുടെ ഹാൾ കത്തോലിക്കാ വിശ്വാസത്തെ വളർത്താൻ ഉദ്ദേശിച്ച് നിർമ്മിച്ചതാണ്. ഇവിടെ ഒരു ഹിന്ദു മത അനുഷ്ഠാനത്തിന്റെ പരിശീലനം പ്രോൽസാഹിപ്പിക്കാൻ ആവില്ല എന്നാണ് അച്ഛൻ പറയുന്നത്. യോഗാ ക്ലാസ് നടത്താനായി 180 പൌണ്ട് നൽകിയ പരിശീലക കോറി വിത്തെല്ലിനെ സഭാ നേതൃത്വം സംഭവം ധരിപ്പിച്ചതിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച ക്ലാസുകൾ അവർ റദ്ദാക്കി. യോഗ ഒരു മതാനുഷ്ഠാനമല്ല എന്ന് ആണയിടുന്ന കോറി തന്റെ ക്ലാസിൽ വെറും കായിക പരിശീലനം മാത്രമാണ് നടക്കുന്നത് എന്ന് വ്യക്തമാക്കി.
- ജെ.എസ്.