ഐക്യരാഷ്ട്ര സഭ : ഭരണകൂടങ്ങൾ പൂഴ്ത്തി വെയ്ക്കാൻ ശ്രമിക്കുന്ന അപ്രിയ സത്യങ്ങൾ ലോകത്തിന് മുൻപാകെ വെളിപ്പെടുത്തി ഒട്ടേറെ പേരുടെ ഉറക്കം കെടുത്തിയ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജെ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയ അഭയം തേടിയിട്ടുള്ള അസാഞ്ജെയ്ക്ക് ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുവാനുള്ള അവസരമൊരുക്കുന്നത് ഇക്വഡോർ തന്നെയാണ്. അസാഞ്ജെയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ചേരുന്നത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്നും പ്രത്യേകം സജ്ജമാക്കിയ വീഡിയോ കോൺഫറൻസിങ്ങ് സംവിധാനം വഴിയായിരിക്കും അസാഞ്ജെ സംസാരിക്കുക. വിക്കിലീക്ക്സിന് എതിരെ നടപടികൾ സ്വീകരിക്കാൻ ആവാത്ത പശ്ചാത്തലത്തിൽ അസാഞ്ജെയെ വെട്ടിലാക്കാൻ ലൈംഗിക ആരോപണങ്ങൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ ബലത്തിൽ അസാഞ്ജെയെ സ്വീഡനിലേക്ക് കൈമാറ്റം ചെയ്യണം എന്ന ആവശ്യം ബ്രിട്ടൻ അംഗീകരിക്കുകയും ബ്രിട്ടീഷ് പോലീസ് അസാഞ്ജെയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. എംബസിക്ക് പുറത്ത് കാൽ കുത്തുന്ന നിമിഷം അസാഞ്ജെയെ അറസ്റ്റ് ചെയ്യും എന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, മനുഷ്യാവകാശം