ഗ്വാണ്ടാണമോയില്‍ ഒന്നും മാറിയിട്ടില്ല

April 16th, 2009

ബറക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ട് ആവുന്നതിന് മുന്‍പും ശേഷവും തനിക്ക് ദിവസേന കിട്ടുന്ന മര്‍ദ്ദനം അതേ പോലെ തുടരുന്നു എന്ന് കുപ്രസിദ്ധമായ ഈ അമേരിക്കന്‍ തടവറയില്‍ നിന്നും ഫോണില്‍ സംസാരിച്ച ഒരു തടവുകാരന്‍ വെളിപ്പെടുത്തി. ആഫ്രിക്കയിലെ സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍ സ്ഥിതി ചെയ്യുന്ന ഷാഡ് എന്ന രാജ്യത്തില്‍ നിന്നുമുള്ള മുഹമ്മദ് അല്‍ ഖുറാനി എന്ന തടവുകാരനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
 
തീവ്രവാദ കുറ്റത്തില്‍ നിന്നും വിമുക്തമാക്കിയ തടവുകാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഒരു ബന്ധുവിനെ ഫോണില്‍ വിളിക്കുവാന്‍ ഇവിടെ അനുവാദം ഉണ്ട്. ഇങ്ങനെ ഫോണില്‍ ബന്ധുവുമായി സംസാരിക്കുന്നതിന് ഇടയില്‍ ബന്ധു ഫോണ്‍ അല്‍ ജസീറയുടെ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും അങ്ങനെ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുകയും ആണ് ഉണ്ടായത്.
 

 
കുറ്റവിമുക്തം ആക്കപ്പെട്ടതിനു ശേഷവും തന്നെ നടക്കുവാനോ സാധാരണ ഭക്ഷണം കഴിക്കുവാനോ അനുവദിക്കാഞ്ഞതില്‍ താന്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ആറ് പട്ടാളക്കാര്‍ സുരക്ഷാ കവചങ്ങളും മുഖം മൂടികളും ഒക്കെ ധരിച്ച് തന്റെ മുറിയില്‍ കയറി വന്ന് രണ്ട് കാന്‍ കണ്ണീര്‍ വാതകം പൊട്ടിച്ചു. വാതകം അറയില്‍ നിറഞ്ഞപ്പോള്‍ തനിക്ക് ശബ്ദിക്കുവാനോ കണ്ണ് തുറന്നു പിടിക്കുവാനോ കഴിയാതെ ആയി. ഇരു കണ്ണുകളില്‍ നിന്നും കണ്ണീര്‍ വരുവാനും തുടങ്ങി. തുടര്‍ന്ന് റബ്ബര്‍ ദണ്ട് കോണ്ട് തനിക്ക് പൊതിരെ തല്ല് കിട്ടി. ഒരാള്‍ തന്റെ തല പിടിച്ച് തറയില്‍ ഇടിച്ചു കൊണ്ടിരുന്നു. താന്‍ അലറി കരഞ്ഞു കോണ്ട് പട്ടാളക്കാരുടെ നേതാവിനോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ പ്രതികരണം എന്നും ഖുറാനി പറയുന്നു.
 

 
ഏതാണ്ട് 240 തടവുകാരാണ് ഇപ്പോള്‍ ഈ തടവറയില്‍ കഴിയുന്നത്. ഇതില്‍ പലരും കുറ്റം പോലും ചുമത്തപ്പെടാതെയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി ഇവിടെ അകപ്പെട്ടിരിക്കുന്നത്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്ലാമിക ഭീകരര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ ഭാഗം ആയാണ് ക്യൂബയിലെ അമേരിക്കന്‍ പട്ടാള ക്യാമ്പില്‍ ഈ തടവറ നിര്‍മ്മിക്കപ്പെട്ടത്. സ്ഥാനമേറ്റ ഉടന്‍ ഇവിടത്തെ ഓരോ തടവുകാരന്റേയും കേസ് വിശദമായി പരിശോധിക്കും എന്നും 2010 ഓടെ ഈ തടവറ അടച്ചു പൂട്ടും എന്നും ഒബാമ പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ദാരി വഴങ്ങി – താലിബാന് ജയം

April 14th, 2009

താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
 



 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കപ്പിത്താനെ രക്ഷപ്പെടുത്തി

April 13th, 2009

സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ബന്ദി ആക്കിയിരുന്ന അമേരിക്കന്‍ കപ്പിത്താനെ അമേരിക്കന്‍ നാവിക സേന രക്ഷപ്പെടുത്തി. കപ്പിത്താനെ ബന്ദി ആക്കിയിരുന്ന കൊള്ളക്കാരെ അമേരിക്കന്‍ സൈന്യം അകലെ നിന്നും വെടി വെച്ചിടുകയായിരുന്നു. കപ്പിത്താന്റെ ജീവന്‍ അപകടത്തില്‍ ആവുന്ന പക്ഷം കൊള്ളക്കാരെ ആക്രമിക്കാന്‍ നേരത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമ നാവിക സേനക്ക് അനുവാദം നല്‍കിയിരുന്നു. കൊള്ളക്കാരുമായും സോമാലിയയിലെ മുതിര്‍ന്നവരുമായും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊള്ളക്കാര്‍ തങ്ങളുടെ യന്ത്ര തോക്കുകള്‍ കപ്പിത്താന് നേരെ ചൂണ്ടിയതോടെ സൈന്യത്തിലെ വിദഗ്ദ്ധരായ തോക്കു ധാരികള്‍ കൊള്ളക്കാരെ ദൂരെ നിന്നു തന്നെ ഉന്നം വെച്ചു വീഴ്ത്തുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ വെടി നിര്‍ത്തി

April 13th, 2009

യുദ്ധ ഭൂമിയില്‍ കുടുങ്ങി പോയ ജനത്തിന് അവിടെ നിന്നും ഒഴിഞ്ഞു പോകുവാന്‍ സമയം അനുവദിച്ച് കൊണ്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഇവിടെ നിന്നും ജനത്തിനെ ഒഴിഞ്ഞു പോകുവാന്‍ അനുവദിക്കും എന്ന് പുലി തലവന്‍ പ്രഭാകരന്‍ അറിയിച്ചു. പുതുകുടിയിരുപ്പ് പ്രദേശത്തെ തമിഴ് പുലികളുടെ നേതാക്കള്‍ എല്ലാം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇവിടത്തെ യുദ്ധം മുന്നോട്ട് കൊണ്ട് പോവുന്നത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് പ്രഭാകരന്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചന. ഇന്നലെ അര്‍ധ രാത്രിയോടെ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. 48 മണിക്കൂര്‍ നേരത്തേക്കാവും വെടി നിര്‍ത്തല്‍. ശ്രീലങ്കയിലെ പുതു വത്സരം പ്രമാണിച്ചാണ് ഇന്നലെ തന്നെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കൊള്ളക്കാര്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ വെടി തുടങ്ങി

April 12th, 2009

സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തടവില്‍ ആക്കിയ അമേരിക്കന്‍ കപ്പിത്താന്‍ റിച്ചാര്‍ഡ് ഫിലിപ്സിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ നാവിക സേന നടത്തിയ ശ്രമം വീണ്ടും പാഴായി. നാവിക സേനയുടെ ബോട്ടിനു നേരെ കൊള്ളക്കാര്‍ വെടി വെക്കുകയാണ് ഉണ്ടായത്. നാവിക സേനയുടെ സംഘം സഞ്ചരിച്ച റബ്ബര്‍ ബോട്ട് ഇപ്പോഴും അവിടെ തന്നെ ചുറ്റി തിരിയുകയാണ്. കപ്പിത്താനെ മോചിപ്പിക്കാനുള്ള ശ്രമം തങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ കപ്പിത്താന്‍ ഇപ്പോഴും സുരക്ഷിതനാണോ എന്ന് തങ്ങള്‍ക്ക് ഉറപ്പില്ല എന്നാണ് സൈന്യം പറയുന്നത്.
 
അമേരിക്കന്‍ നാവിക സേനയുടെ രണ്ട് യുദ്ധ കപ്പലുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. മൂന്നാമത്തെ കപ്പല്‍ ഉടന്‍ എത്തിച്ചേരും. കൊള്ളക്കാര്‍ കപ്പിത്താനെ ബന്ദിയാക്കി വെച്ചിരിക്കുന്ന ലൈഫ് ബോട്ട് സോമാലിയന്‍ തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇത് തടയുക എന്നതാണ് യുദ്ധ കപ്പലുകളുടെ പ്രാഥമികമായ ലക്ഷ്യം. കടല്‍ കൊള്ളക്കാരുടെ ബോട്ട് തീരത്ത് എത്തിയാല്‍ കപ്പിത്താനെ കൊള്ളക്കാര്‍ അവരുടെ താവളത്തിലേക്ക് കൊണ്ടു പോകും. പിന്നീട് ഇവരുടെ താവളം കണ്ടെത്തി കപ്പിത്താനെ മോചിപ്പിക്കുക എന്നത് അത്യന്തം ദുഷ്കരം ആയിരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൊമാലിയന്‍ കൊള്ളക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു

April 10th, 2009

കടല്‍ കൊള്ളക്കാര്‍ ബന്ദിയാക്കിയ കപ്പലിന്റെ കപ്പിത്താനെ രക്ഷപ്പെടുത്തുവാന്‍ ഉള്ള അമേരിക്കന്‍ നാവിക സേനയുടെ ശ്രമങ്ങള്‍ തുടരുന്നുവെങ്കിലും ഇത്രത്തോളം ആയിട്ടും കൊള്ളക്കാര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നത് സൈന്യത്തെ കുഴക്കുകയാണ്. കൊള്ളക്കാരുമായി മധ്യസ്ഥത പറയാന്‍ അമേരിക്കന്‍ ഫെഡറല്‍ അന്വേഷണ സംഘടനയിലെ വിദഗ്ദ്ധരായ നെഗോഷിയേറ്റര്‍മാരെ തന്നെ സേന രംഗത്തിറക്കിയിട്ടുണ്ട്. മര്‍സ്ക് അലബാമ എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ കഴിഞ്ഞ ബുധനാഴ്ച പിടിച്ചടക്കിയതിനെ തുടര്‍ന്ന് കപ്പലിലെ ഇരുപതോളം വരുന്ന അമേരിക്കന്‍ ജീവനക്കാര്‍ കപ്പലിന്റെ നിയന്ത്രണം ബല പ്രയോഗത്തിലൂടെ തിരിച്ചു പിടിച്ചിരുന്നു. എന്നാല്‍ തന്റെ കീഴ് ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയ കപ്പലിന്റെ കപ്പിത്താന്‍ ഈ തന്ത്രം വിജയിക്കുന്നതിനായി സ്വയം നാല് കൊള്ളക്കാരുടെ കൂടെ ഒരു ലൈഫ് ബോട്ടില്‍ കയറുവാന്‍ തയ്യറാവുകയായിരുന്നു. കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് തിരികെ ലഭിച്ചെങ്കിലും കപ്പിഥാന്‍ ഇപ്പോള്‍ ഈ നാല് കൊള്ളക്കാരുടെ തടവില്‍ ലൈഫ് ബോട്ടില്‍ ആണ് ഉള്ളത്. ലൈഫ് ബോട്ട് ആണെങ്കില്‍ കപ്പലില്‍ നിന്നും അകന്ന് പോയി കൊണ്ടിരിക്കുകയുമാണ്.
 
ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. കപ്പിത്താനെ വിട്ടാല്‍ തങ്ങളെ അറസ്റ്റ് ചെയ്യും എന്ന് കൊള്ളക്കാര്‍ വിശ്വസിക്കുന്നു. ഇവരെ സഹായിക്കാന്‍ രണ്ട് ബോട്ടുകളിലായി കൂടുതല്‍ കൊള്ളക്കാര്‍ തിരിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പണം ലഭിച്ചാല്‍ മാത്രമേ കപ്പിത്താനെ തങ്ങള്‍ വിട്ടയക്കൂ എന്നാണ് കൊള്ളക്കാരുടെ നിലപാട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റലിയില്‍ വീണ്ടും ഭൂകമ്പം

April 9th, 2009

ഭൂമി കുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 272 എത്തി നില്‍ക്കേ ഇന്ന് രാവിലെ ഇറ്റലിയില്‍ വീണ്ടും ഭൂമി കുലുങ്ങി. തിങ്കളാഴ്ച ഇറ്റലിയെ പിടിച്ച് കുലുക്കിയ ഭൂകമ്പത്തിന്റെ അളവ് റിക്റ്റര്‍ സ്കെയിലില്‍ 6.3 ആയിരുന്നു. ഇന്ന് രാവിലെ അനുഭവപ്പെട്ട കുലുക്കം 5.2 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് അടുപ്പിച്ച് നടന്ന ഈ കുലുക്കം നേരത്തെ നടന്ന ഭൂകമ്പത്തിന്റെ തുടര്‍ പ്രകമ്പനം ആണ്. ഇത് നൂറ് കിലോമീറ്റര്‍ അകലെ ഉള്ള റോമില്‍ വരെ അനുഭവപ്പെട്ടു. ഈ പ്രകമ്പനം കൂടുതല്‍ നാശ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടോ എന്നത് ഇനിയും അറിവായിട്ടില്ല.
 
കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തില്‍ 28,000 പേര്‍ക്കാണ് തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 17,000 പേരോളം ഇപ്പോഴും കൊടും തണുപ്പ് സഹിച്ച് കൊണ്ട് ടെന്റുകളിലാണ് കഴിയുന്നത്. ബാക്കിയുള്ളവര്‍ ബന്ധുക്കളുടെ വീടുകളിലും സൌജന്യമായി ലഭ്യമാക്കിയ ഹോട്ടല്‍ മുറികളിലും അഭയം പ്രാപിച്ചിട്ടുണ്ട്.
 

 
മരിച്ചവരുടെ ശവസംസ്ക്കാരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ദുഃഖ വെള്ളിയാഴ്ച മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാവും എന്ന് വത്തിക്കാന്‍ അറിയിച്ചു.
 
മാര്‍പാപ്പ അടുത്തു തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കും എന്നും അറിയിച്ചിട്ടുണ്ട്.
 



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയില്‍ അന്തിമ യുദ്ധം – ഐക്യ രാഷ്ട്ര സഭ ഇടപെട്ടേക്കും

April 8th, 2009

Tamil Civilian Exodus From War Zoneശ്രീലങ്കയിലെ യുദ്ധ ഭൂമിയില്‍ ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ് എന്ന് ഐക്യ രാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. ഇവിടെ ശ്രീലങ്കന്‍ സൈന്യം അവസാന ഘട്ട ആക്രമണത്തിനുള്ള തയ്യാറെടുപ്പിലാണ്. സംഘര്‍ഷ പ്രദേശത്ത് കുടുങ്ങി പോയ തമിഴ് വംശജരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ഐക്യ രാഷ്ട്ര സഭയുടെ ഒരു സമുന്നത ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ സൈന്യം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യുദ്ധ നിരോധിത മേഖലയെ മാനിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
യുദ്ധം മുറുകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിശ്ചയിച്ച യുദ്ധ നിരോധിത മേഖലയായ, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന, വാന്നി എന്ന സ്ഥലത്തേക്ക് പുലികള്‍ പിന്‍‌വാങ്ങിയിരുന്നു. ഇവിടമാണ് ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുന്നത്. വെറും പതിനാല് ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയുള്ള ഈ പ്രദേശത്ത് ഒരു ലക്ഷത്തോള സാധാരണ ജനമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്.
 

Sreelankan Soldiers
 
യുദ്ധ ഭൂമിയില്‍ റോന്ത് ചുറ്റുന്ന ശ്രീലങ്കന്‍ സൈനികര്‍

 
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. തങ്ങള്‍ക്ക് നേരെ, ഭൂരിപക്ഷമായ സിന്‍‌ഹള വംശജരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയമായ വിവേചനത്തിന് എതിരെ തമിഴ് വംശജര്‍ കഴിഞ്ഞ മുപ്പത്തി മൂന്ന് വര്‍ഷമായി നടത്തുന്ന ഈ സംഘര്‍ഷത്തില്‍ ഇതിനോടകം എഴുപതിനായിരത്തിലേറെ ജീവനാണ് പൊലിഞ്ഞത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമേരിക്ക ഇസ്ലാമിന് എതിരല്ല : ഒബാമ

April 7th, 2009

അമേരിക്ക ഒരു കാലത്തും ഇസ്ലാമിന് എതിരെ യുദ്ധത്തില്‍ ആയിരുന്നില്ല എന്ന് ബറക്ക് ഒബാമ പ്രസ്താവിച്ചു. തുര്‍ക്കിയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒബാമ തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇത് ആദ്യമായാണ് ഒബാമ ഒരു മുസ്ലിം രാഷ്ട്രം സന്ദര്‍ശിക്കുന്നത്. മുസ്ലിം സമുദായവും മുസ്ലിം ലോക രാഷ്ട്രങ്ങളും തമ്മിലുള്ള അമേരിക്കയുടെ ബന്ധം ഭീകരതക്ക് എതിരെ ഉള്ള നിലപാടുകളില്‍ അധിഷ്ഠിതം ആവില്ല എന്ന് ഒബാമ പ്രഖ്യാപിച്ചു. പരസ്പര സഹകരണവും ബഹുമാനവും താല്പര്യങ്ങളും ആയിരിക്കും അമേരിക്കയുടെ നിലപാടുകളുടെ അടിസ്ഥാനം. മുസ്ലിം അമേരിക്കക്കാര്‍ എന്നും അമേരിക്കക്ക് ഒരു സമ്പത്തായിരുന്നു. പല അമേരിക്കന്‍ കുടുംബങ്ങളിലും മുസ്ലിമുകള്‍ ഉണ്ട്. പലരും മുസ്ലിം രാഷ്ട്രങ്ങളില്‍ ജീവിച്ചവരും ആണ്. എനിക്കറിയാം, കാരണം ഞാനും ഇവരില്‍ ഒരാളാണ് – ഒബാമ പറഞ്ഞു.
 
പൊതുവെ ദ്രുത ഗതിയില്‍ സംസാരിച്ചു നീങ്ങാറുള്ള ഒബാമ ഈ വാചകത്തിനു ശേഷം അല്‍പ്പ നിമിഷം മൌനം പാലിച്ചു. തന്റെ തര്‍ജ്ജമക്കാരന്‍ പറഞ്ഞു തീരുവാനും തുടര്‍ന്ന് ഉയര്‍ന്നു വന്ന ഹര്‍ഷാരവം ഏറ്റുവാങ്ങാനും ആയിരുന്നു ഈ മൌനം.
 
വലതു പക്ഷ തീവ്ര സംഘങ്ങള്‍ ഒബാമ ഒരു മുസ്ലിം ആണ് എന്ന് ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കു ന്നതിനിടയില്‍ ഒബാമയുടെ ഈ പ്രസംഗം ശ്രദ്ധേയം ആവും. തന്റെ ബാല്യത്തിന്റെ ഏറിയ പങ്കും ഒബാമ മുസ്ലിം ഭൂരിപക്ഷമുള്ള ഇന്‍ഡൊനേഷ്യയില്‍ ആണ് കഴിച്ചു കൂട്ടിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍

April 3rd, 2009

താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
 
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍‌കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം.
 

 
ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം.
 
ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു.
 
ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം.
 
ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.
 
താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു.
 


(സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍)

ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ്

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം
Next »Next Page » അമേരിക്ക ഇസ്ലാമിന് എതിരല്ല : ഒബാമ »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine