താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.



ഐക്യ രാഷ്ട്ര സഭ നിരോധിച്ച ജമാ അത് ദുവ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് പോലെ ഒരു ചാരിറ്റി സംഘടനയല്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. ന്യൂ യോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ചാണ് അവര്‍ ഇത് പറഞ്ഞത്. ലെഷ്കര്‍ എ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത് ദുവ തീര്‍ച്ചയായും ഒരു ഭീകര സംഘടന തന്നെയാണ് എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച നിരോധന ആജ്ഞ അനുസരിച്ചേ മതിയാവൂ എന്നും റൈസ് പറഞ്ഞു.
ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.






























