ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ മലയാളി പ്രേക്ഷനു മുമ്പില്‍ “വിളമ്പുന്നത്” പുതുമയുള്ള വിഭവങ്ങളാണ്. ഈ “വിഭവങ്ങള്‍” ക്ക് പുറകില്‍ ഒരു പെണ്ണിന്റെ ഭാവനയും പ്രയത്നവുമുണ്ട്. മഞ്ജാടിക്കുരു എന്ന മനോഹരമായ ചിത്രം ഒരുക്കിയ അഞ്ജലി മേനോന്റെ തൂലികയില്‍ നിന്നുമാണ് ഉസ്താദ് ഹോട്ടലും പിറവിയെടുത്തത്. മലയാള സിനിമയിലേക്ക് പ്രതിഭയുള്ള ഒരു എഴുത്തുകാരി എത്തിയെന്ന് നമുക്ക് സംശയലേശമില്ലാതെ പറയാം. സ്വാഭാവികമായ കഥാസന്ദര്‍ഭങ്ങളും മനോഹരമായ സംഭാഷണങ്ങളും കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഈ കഥാകാരി. മനുഷ്യബന്ധങ്ങളെ ഇത്രയും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ഒരു രചന മലയാള സിനിമയില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. യാദൃശ്ചികമാണെങ്കിലും ലോഹിതദാസിനെ പോലെ കൃതഹസ്തനായ ഒരു തിരക്കഥാശില്പിയുടെ മൂന്നാം ചരമവാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിനമാണ് ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഉസ്താദ് ഹോട്ടലില്‍ പറയുന്ന മനുഷ്യ ബന്ധങ്ങളും അവരുടെ നന്മയും സ്നേഹവും പ്രശ്നങ്ങളുമെല്ലാം ലോഹിചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ അനുസ്മരിപ്പിക്കും വിധം കയ്യടക്കത്തൊടെ പറഞ്ഞിരിക്കുന്നു. കോഴിക്കോട്ടെ സാധാരണക്കാരുടെ ജീവിതത്തെ അടുത്തനുഭവിച്ചറിഞ്ഞിട്ടുള്ള അഞ്ജലി അതിന്റെ എല്ലാ നല്ല്ല വശങ്ങളും തന്റെ രചനയ്ക്കായി സ്വീകരിച്ചിരിക്കുന്നു. സാധാരണക്കാരില്‍ നിന്നും അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും അകന്നു നിന്നു കൊണ്ട് നിര്‍വ്വഹിക്കപ്പെടുന്ന രചനകള്‍ക്ക് ആത്മാവുണ്ടാകില്ല എന്ന് പലതവണ നാം കണ്ടതാണ്. എന്നാല്‍ ഇവിടെ തലമുറകള്‍ തമ്മിലുള്ള “ജനറേഷന്‍ ഗ്യാപ്” തിരിച്ചറിയുകയും അതിന്റെ സാധ്യതകളെ മനസ്സിലാക്കിയുമാണ് അഞ്ജലി ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വിദേശ ഭാഷാ ചിത്രങ്ങളുടെ പദാനുപദ തര്‍ജ്ജമയോ അല്ലെങ്കില്‍ അസ്ലീലവും ദ്വയാര്‍ഥപ്രയോഗവും അവിഹിതവും എന്ന ചേരുവ ചേര്‍ത്തോ ന്യൂജനറേഷന്‍ സിനിമകള്‍ സൃഷ്ടിക്കാമെന്ന മൌഢ്യം ഒരു കൂട്ടരെ നയിക്കുമ്പോളാണ് അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി ആവശ്യത്തിനു ഹോംവര്‍ക്ക് ചെയ്തുകൊണ്ട് ഉസ്താദ് ഹോട്ടലിന്റെ രചന നിര്‍വ്വഹിക്കപ്പെടുന്നത്. ആ പ്രയത്നത്തിനു ഫലം കണ്ടിരിക്കുന്നു എന്ന് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി ഈ ചിത്രത്തെ സ്വീകരിച്ചതിലൂടെ വ്യക്തമായിരിക്കുന്നു. എം.ടി., പത്മരാജന്‍,ലോഹി, ജോണ്‍പോള്‍, രഘുനാഥ് പലേരി,ശ്രീനിവാസന്‍ തുടങ്ങിയവരുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത മികച്ച തിരക്കഥകളുടെ ഒരു സുവര്‍ണ്ണ കാലം മലയാള സിനിമക്ക് ഉണ്ടായിരുന്നു. അതെല്ലാം ഗതകാല സ്മരണകളായി മാറി. തിരക്കഥാ രചന പ്രതിഭയില്ലാത്തവരുടെയും കോക്കസുകളുടേയും കൈപിടിയില്‍ ശ്വാസംമുട്ടുന്ന കാഴ്ചയാണിന്ന്. നല്ല്ല തിരക്കഥകള്‍ ഒരു രണ്‍ജിത്തില്‍ മാത്രം ഒതുങ്ങുന്ന കാലത്ത് മഞ്ജാടിക്കുരുവും, ഉസ്താദ് ഹോട്ടലുമൊക്കെയായി അഞ്ജലിയുടെ കടന്നുവരവ് പ്രതീക്ഷനല്‍കുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers