ദുബായ്: എട്ടാമത് ദുബായ് രാജ്യാന്തര ചലച്ചിത്രമേളക്ക്(diff) ഇന്ന് തുടക്കമാവും. ഈ മാസം 14 വരെ നീളുന്നചലച്ചിത്ര മേളയില്‍ 56 രാജ്യങ്ങളില്‍ നിന്നായി 32 ഭാഷകളിലുള്ള 171 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ടോം ക്രൂയിസ് നായകനായി ദുബൈയില്‍ ചിത്രീകരിച്ച ‘മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍’ ആണ് ഉദ്ഘാടന ചിത്രം. ശാലിനി ഉഷാനായരുടെ ‘അകം’ മാത്രമാണ് പ്രദര്‍നത്തിനെത്തുന്ന ഏക മലയാള ചിത്രം. അറബ്, ഏഷ്യ ആഫ്രിക്ക, യു.എ.ഇ മേഖലകളില്‍ നിന്നുള്ള മികച്ച സിനിമകളും ഇതില്‍പ്പെടും. കുട്ടികളുടെ ചിത്രങ്ങള്‍, ഇന്ത്യന്‍ ചിത്രങ്ങള്‍, ലോക സിനിമ തുടങ്ങിയ പ്രത്യേകം വിഭാഗങ്ങളുമുണ്ട്. മിഡിലീസ്റ്റില്‍ നിന്നുള്ള 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഇവിടെ നടക്കും. അമേരിക്ക, യൂറോപ്പ്, ഏഷ്യ ആഫ്രിക്ക, അറബ് മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, അനില്‍കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, രാഹുല്‍ ബോസ്, അനുഷ്ക ശര്‍മ തുടങ്ങിയവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. എ. ആര്‍. റഹ്മാന്‍, ഈജിപ്ഷ്യന്‍ നടന്‍ ജമീല്‍ റാതെബ്, വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍നര്‍ ഹെര്‍സോഗ് എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കി ആദരിക്കും. മുഹര്‍ എമിറാത്തി, മുഹര്‍ അറബ്, മുഹര്‍ ഏഷ്യ ആഫ്രിക്ക എന്നീ വിഭാഗങ്ങളിലായി ആറ് ലക്ഷം ഡോളറിന്‍റെ 36 പുരസ്കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജുമൈറ ബീച്ച് റിസോര്‍ട്ടിലെ ‘ദി വോക്ക്’ എന്ന വേദിയില്‍ സൗജന്യ ഫിലിം പ്രദര്‍ശനവും കലാപരിപാടികളും ഉണ്ടാകും.