ലോസ് ഏഞ്ചല്‍സ്: മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമായ ‘എ സെപറേഷന്’ ലഭിച്ചു. വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിയിരിക്കുന്ന നദെര്‍, സിമിന്‍ ദമ്പതിമാരുടെ കുടുംബ ജീവിതമാണ് ‘എ സെപറേഷന്‍’ എന്ന സിനിമയില്‍ പറയുന്നത് എങ്കിലും ഈ കഥ പറയുന്നതിലൂടെ ഇറാനിയന്‍ മധ്യവര്‍ഗ കുടുംബാവസ്ഥ, ഇറാനിലെ സ്ത്രീ-പുരുഷ ബന്ധം, അവിടത്തെ നീതിന്യായ വ്യവസ്ഥ, താഴേക്കിടയിലുള്ള ജീവിതാവസ്ഥ തുടങ്ങീ പല തലങ്ങളിലേക്ക് ഈ ചലച്ചിത്രം വളരുന്നുണ്ട്. മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ കിടന്ന ശ്വാസം മുട്ടുന്ന നദെര്‍-സിമിന്‍ ദമ്പതിമാരുടെ മകള്‍ ടെര്‍മെയെ അവതരിപ്പിക്കുന്ന സറീന ഫര്‍ഹാദിയുടെ പ്രകടനവും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഇറാനിലെ പ്രത്യേക സാഹചര്യത്തില്‍ ടെര്‍മെ വളരരുത് എന്ന നിര്‍ബന്ധബുദ്ധിയില്‍ ഭര്‍ത്താവിനെ വിദേശത്തേക്കു പോകാന്‍ നിര്‍ബന്ധിക്കുകയാണ് സിമിന്‍. എന്നാല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച പിതാവിനെ ഒറ്റയ്ക്കാക്കുന്നതിനോടു യോജിക്കാന്‍ സാധിക്കാത്ത നെദര്‍ ഇതിനു തയ്യാറാവുന്നില്ല. ഇവിടെ നിന്നും ആണ് കഥ തുടങ്ങുന്നത്. സിമിന്‍ വീടുവിട്ടു പോകുന്നതിനാല്‍ പിതാവിനെ നോക്കാന്‍ ഒരു ഹോം നഴ്‌സിനെ വെക്കുന്നു. ഇവിടെ നിന്നും ആണ് കഥാഗതി പുരോഗമിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷന്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ ഇറാനിയന്‍ ചിത്രമാണ് ‘എ സെപറേഷന്‍’. അറുപത്തിയൊന്നാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോല്‍ഡന്‍ ബെയര്‍ പുരസ്‌കാരം, മികച്ച നടനും നടിക്കുമുള്ള സില്‍വര്‍ ബെയര്‍ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സാങ്കേതിവിദ്യയുടേയോ, വികാരപ്രകടനങ്ങളുടേയോ ഒന്നും അതിപ്രസരമില്ലാതെ വളരെ ലളിതമായാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ അസ്ഗര്‍ ഫര്‍ഹാദി’എ സെപറേഷന്‍’ ഒരുക്കിയിരിക്കുന്നത് അതിനാല്‍ ഈ സിനിമയും നേരത്തെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.